Saturday, August 6, 2011

കുപ്പിവളകള്‍ കഥ പറയുമ്പോള്‍.....


ഇത്തിരി സ്നേഹ കരുതലില്‍
ശ്വസിക്കാന്‍ കൊതിച്ചും..... 
തമ്മില്‍ത്തമ്മില്‍ കാണും
മാത്രയില്‍ ഇണക്കത്തില്‍
പൊട്ടിച്ചിരിച്ചും....
നിനയാത്തൊരു പ്രഹരത്തില്‍
ആയുസ്സുടഞ്ഞും.....
ചിതറി വീഴുമീ കുപ്പിവളകളും 
ന്റെ സ്വപ്നങ്ങളും ഒരു പോലെ.....



Thursday, August 4, 2011

ദീപം എരിഞ്ഞൊടുങ്ങും നേരം...


നിഴലായ് പിന്തുടര്‍ന്നെത്തിയൊരു
 എണ്ണയെ പ്രണയിച്ചതിനാല്‍ 
വീടിനു ശ്രീയായ് നറുദീപമായ്
എരിഞ്ഞടങ്ങുമൊരു തിരിയുടെ
ശ്വാസ നിശ്വാസ താളമൊരു
നിശ്ശബ്ദനിലവിളിയല്ലാതെ
മറ്റെന്തായിരിക്കാം.?




Wednesday, August 3, 2011

ചിപ്പിയ്ക്കുള്ളിലെ നൊമ്പരം......


ചിപ്പിയ്ക്കുള്ളില്‍ 
ധ്യാനലീനയായിരുന്നിട്ടും
മിഴികള്‍ക്ക് കൌതുകമേകിയിട്ടും
തുള വീഴ്ത്തിയെന്‍ മനതാരിലൂടെ
സൂചി കോര്‍ത്തിടുമ്പോള്‍
അറിയുന്നുവോ മനുഷ്യനീ
മണിമുത്തിന്‍ പ്രാണവേദന....

Monday, August 1, 2011

മണല്‍പ്പരപ്പിലേക്ക് ഒരു സ്വപ്നയാത്ര.....


വിളഭൂമിയിലൊരു സ്വര്‍ഗം 
പണിതുയര്‍ത്തുവാന്‍
പളുങ്കുപോലുള്ളൊരു കിനാക്കളെ
മാറോട് ചേര്‍ത്ത് പുണര്‍ന്ന്
ജന്മമേകി നിറ വാത്സല്യം
പകര്‍ന്നൊരു മാതാപിതാക്കളെ
മനസ്സില്‍ കുടിയിരുത്തി
ഉള്ളില്‍ തികട്ടുമൊരു കനലിന്‍
കനം പുഞ്ചിരിയായി ചുണ്ടില്‍ നിറച്ച്
ഒരു യാത്ര....

തണല്‍ മരങ്ങള്‍ 
കാത്തു നില്‍ക്കാത്ത
സ്വേദകണങ്ങള്‍ 
സ്വാഗതമോതുന്ന
ഊഷരഭൂവിലേക്കൊരു യാത്ര...
വെറും മണല്‍പ്പരപ്പിലൂടെ ഒരു യാത്ര...


Saturday, July 30, 2011

ഘടികാരത്തോടിത്തിരി സ്വകാര്യം....





 ഘടികാരത്തോട് എനിക്ക് ദേഷ്യം തോന്നും പോലെ...

തങ്ങളില്‍ പിരിയാത്ത 
സൂചിമുനകളാല്‍
കാലത്തിന്‍ ശിരസ്സില്‍ 
നര പടര്‍ത്തി
ഒരാള്‍ക്കെന്നും മറ്റൊരാള്‍
നിഴലായ് , ചെറു സാന്ത്വനമായ് 
നിശ്ശബ്ദമായി നടന്നു പോകണമീ 
 ജീവിതയാത്രയില്‍...
കലഹിച്ചും പിണങ്ങിയും
ഇത്തിരി ചിണുങ്ങിയും
ഒരു മാത്ര നിന്നിടാതെ
പിന്തിരിഞ്ഞൊന്നു നോക്കിടാതെ
നടന്നു പോകണം നീയും...
 ഓതുന്നിവയെങ്കിലും
മറന്നു പോകാതെന്തെന്നെ
നുള്ളി നോവിച്ചിടാന്‍......

Wednesday, July 27, 2011

ഇവര്‍ പാവം മിന്നാമിന്നികള്‍.....

സന്ധ്യാനേരത്ത് തങ്ങളില്‍ തങ്ങളില്‍ സല്ലപിച്ച് പറന്നു നടക്കുന്ന മിന്നാ‍മിന്നികളെ തേടിയാണ് മിഴികള്‍ ജന്നാലയിലൂടെ ഇറങ്ങി പോയത്..
ഇന്നലെ വരെ മൂളിപ്പാട്ടുമായി ചുറ്റി നടന്ന ചാറ്റല്‍മഴ ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു..
കരിമേഘങ്ങള്‍ ഇപ്പോഴും മടങ്ങിയിട്ടുണ്ടാവില്ല..അതാവും കനത്ത ഇരുട്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിനെ കരിമ്പടം പുതച്ചിരിക്കുന്നത്..
ഇരുട്ട് .വല്ലാതെ ഭയപ്പെടുത്തും പോലെ...
കാണാമറയത്ത് ഇരുന്ന് തവളകള്‍ വല്ലാതെ സംഗീതം ആലപിക്കുന്നുണ്ട്..
ഇരുട്ടിനെ വകഞ്ഞു മാറ്റി അതാ മിന്നാമിന്നികള്‍ ഇത്തിരി വെട്ടം മിന്നിച്ച് പാറി പറക്കയാണ്..
അവ സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വയ്ക്കയായിരിക്കുമോ...
അവയെ തന്നെ നോക്കി നില്‍ക്കാന്‍ എന്തു രസമാ...
അവ ഇങ്ങനെ പാറി നടക്കുന്നതു കാണുമ്പോഴാണ് ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ലാ എന്ന് നന്ദിനിക്കുട്ടിക്ക് തോന്നി പോകുന്നത്...മുന്നില്‍ മിന്നാമിനികള്‍ പാറി പറന്നു നടക്കുമ്പോള്‍ നന്ദിനിക്കുട്ടിയെങ്ങനെയാ ഒറ്റയ്ക്കാവുക..
അതാ..ചാറ്റല്‍മഴ സംഗീതവുമായി വന്നെത്തിരിക്കുന്നു..
കനത്ത ഇരുട്ട് വീണ്ടും ഭയപ്പെടുത്തും പോലെ ...
ഈ ചാറ്റല്‍ മഴ  മിന്നാമിന്നികളെയും ഭയപ്പെടുത്തുമോ ആവോ.....
പാവം മിന്നാമിന്നികള്‍...അവ എവിടെയാവാം ഒളിച്ചിരിക്കയാ ഇപ്പോള്‍....

Tuesday, June 21, 2011

ഇന്നലെകള്‍ക്കൊടുവില്‍....


 ഓര്‍മ്മകളെ
ഇന്നിന്റെ ശവപ്പറമ്പില്‍
അടക്കം ചെയ്ത്..

പുതു പുലരിയെ
കാത്തിരിക്കുമ്പോള്‍ ..

ഇന്ന് രൊക്കം നാളെ കടം 
എന്ന ചോക്കെഴുത്തു പോലെ
പുലരികള്‍ പിന്നെയുമകലെ....


നീളുന്ന നാളെകള്‍ക്കൊടുവില്‍..
കാലത്തിന്‍ താളുകളില്‍
ഒരു ചരമക്കുറിപ്പിനായ്
അക്ഷരങ്ങള്‍ ഒരുങ്ങിയിരിക്കുന്നു ..

Sunday, June 19, 2011

പ്രണയ മരീചികയില്‍....

ജീവിത അദ്ധ്യായത്തില്‍
പ്രണയ മരീചിക
 കണ്ടറിഞ്ഞ്
ഒപ്പു വച്ച്....

നിശ്ശബ്ദ നിലവിളി
കാതോര്‍ത്ത്
ഓര്‍മ്മകളുടെ നുകം പേറി
വിരഹാഗ്നിയില്‍
പുകയുന്ന മനവും
ഇടറുന്ന ശബ്ദവും
നീറുന്ന മിഴികളും
വിറയാര്‍ന്ന വിരലുകളും 
വിങ്ങുന്ന പാദങ്ങളും

പെറുക്കി എടുത്ത്
അവര്‍...

പിന്‍ വിളികളും
തണല്‍ മരങ്ങളും
തണ്ണീര്‍ പന്തലും
കാത്തു നില്‍ക്കാത്ത
ഒറ്റയടി പാതയില്‍
അതിഥികളായി..




Friday, June 10, 2011

നിന്നിലെ പ്രണയം...


ഓരോ 
 ശ്വാസ നിശ്വാസത്തിലും 
എന്നെ തിരയുന്ന
 നിനവുകളാണ്...




Wednesday, May 25, 2011

ഗുല്‍മോഹറിന്‍ തണലില്‍.....

 
ഗുല്‍മോഹര്‍ തണല്‍ വിരിച്ച
തളിരിലകള്‍ മരിച്ചു കിടന്ന
സല്ലാപങ്ങള്‍ തൊട്ടുരുമ്മി നടന്നകന്ന
കരി മഷിയും മൈലാഞ്ചിയും 
കഥ പറഞ്ഞ് പിരിഞ്ഞകന്ന
മിഴിനീര്‍ പെയ്തൊഴിയാത്ത
പന്ഥാവില്‍
ഓര്‍മ്മകളുടെ വേലിയേറ്റം..


വക്കു പൊടിഞ്ഞ സ്ലേറ്റു കഷണവും
ഒളിമങ്ങാത്ത മയില്‍പീലിയും
വീണുടഞ്ഞിട്ടുംപൊട്ടിച്ചിരിക്കുന്ന കരിവളയും
വാക്കുകള്‍ കുരുങ്ങുന്ന അധരവും 
മൌനം കടം കൊണ്ട മനസ്സും
വേര്‍പിരിഞ്ഞ കരങ്ങളും
തമ്മില്‍ത്തമ്മില്‍ കോര്‍ക്കാതെ 
നടക്കാം ..ഇനിയും....
കാലത്തിന്‍ തിരശ്ശീല 
താഴുവോളം....


                                   

Monday, May 9, 2011

നിദ്രയോട്.......


നാളെയുടെ
ജീവനേരങ്ങളിലേക്ക്
ഇന്നലെയുടെ
ഓര്‍മ്മക്കൂട്ട്
മിഴി ചെപ്പില്‍
കരുതി വച്ച്
നിന്റെ
പദനിസ്വനം
കാതോര്‍ത്തിരിക്കുന്നു
ഞാന്‍ !!!



ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...