Tuesday, December 17, 2013

കൈയ്യൊപ്പ്....

ഒരോ സൂചിമുനയിലും പ്രാര്ത്ഥനകളിലും
ദൈവത്തിന്റെ കൈയൊപ്പാണ്
നിറയുന്നത് ..

തരിച്ചിറങ്ങുന്ന നേരിയ വേദനയിലും
നിസ്സഹായതയുടെ അകക്കണ്ണില്‍
ആരും കാണാതെ അറിയാതെ
പുഴ ഒഴുകുന്നുണ്ട് ...

മരുന്നു മയക്കുന്ന ഇടനാഴികളില്‍
കാത്തിരിക്കുന്നുണ്ട്
കിനാവെളിച്ചത്തിലെങ്കിലും
സാന്ത്വനസ്പര്ശമായെത്തുന്ന
നിഴലനക്കം ..

തോരാതെ പെയ്യുന്ന ചിന്തകളില്‍
ഉപേക്ഷിച്ച് നടന്നകന്ന
ഇലച്ചാര്‍ത്തുകളില്‍ നിന്നിറ്റു വീഴുന്നു
വീണ്ടും മായാത്ത മര്മ്മരങ്ങളുടെ
പദനിസ്വനങ്ങള്‍ ..

വേദനയുടെ കമാനങ്ങളൊരുക്കി
കാലം കുറിച്ചിട്ട വഴിത്താരകള്‍
അവസാനിക്കുകയായി..

ആരോടാണ് നന്ദി ചൊല്ലുക..
എല്ലാവരോടും എല്ലാവരോടും
പുഞ്ചിരിയുടെ ആമോദവും
കണ്ണിരിന്റെ ഉപ്പും
പകര്ന്ന എല്ലാവരോടും..
നന്ദി നന്ദി നന്ദി..

Monday, December 2, 2013

വയലറ്റുപ്പൂക്കൾ..

നീയെനിക്ക്
ഒരു സായന്തനത്തിന്റെ
ഓര്മ്മയാണ്..

വിരൽത്തുമ്പിലൂടെ
വഴുകി വീണ
അക്ഷരങ്ങളിലെ
ഹൃദയം നിറഞ്ഞ
പ്രണയത്തിന്റെ
കനലാണ്..!!

ഇന്നലെയിലെ
വേനലിനെ മായ്ചു കളയാൻ
മഷിത്തണ്ടു തേടുന്ന
മനസ്സിലെ മായാത്ത
സിന്ദൂരമാണ്..!!

കടലാഴങ്ങളിലലിഞ്ഞ
പുഴയും
മഴമേഘമൊഴിഞ്ഞ
മാനം പെറ്റിട്ട
മഴവില്ലും
വയലറ്റുപ്പൂക്കൾനിറയ്ക്കുന്ന
കിനാവും
മൗനത്തിന്റെ
കൈക്കുമ്പിളിൽ നിറയ്ക്കുന്ന
ഓര്മ്മയാണെനിക്ക് നീ..!!

ഒന്നുറക്കെ പേരു ചൊല്ലി വിളിക്കാനാവാതെ...

ഒന്നുറക്കെ പേരു ചൊല്ലി
വിളിക്കാനാവാതെ...
ഓര്‍മ്മകളില്‍ ഞാന്‍ നിന്നെ
ഒതുക്കി വയ്ക്കുന്നു..

ഒരു വാക്കും മാറ്റി വയ്ക്കാതെ
ഒരു പുഞ്ചിരി കരുതി വയ്ക്കാതെ
ഓര്‍മ്മകളുടെ മേഘക്കെട്ടില്‍
നീ രൂപം കൊള്ളുന്നു...

Sunday, December 1, 2013

വാക്കുകളുടെ തിളക്കങ്ങളാണ്!

ഓര്മ്മകളുടെ അതിർവരമ്പുകളിൽ
മൗനത്തിലൊളിഞ്ഞിരിക്കുന്നത്
ഒരിക്കലും നീയോ ഞാനോ,
നാം കണ്ടുമുട്ടാത്ത പ്രണയത്തിന്റെ
പാതയോരത്തെ കാവല്ക്കാരോ അല്ല !
സൗഹൃദത്തിന്റെ ആലയിൽ
നാം അറിയാതെ പുകയുന്ന
വേദനകളുടെ കനലുകളാണ്,
ഏകാന്തത രാകിമിനുക്കിയ
വാക്കുകളുടെ തിളക്കങ്ങളാണ്!

നിദ്രയിലേക്ക്

കുളിരുമ്മയേകും 
മഴയനക്കങ്ങളെ
ഇരുളിനു കാവലാളാക്കി
വാചാലമാം നിശ്ശബ്ദതകളെ
കിനാചിറകിലേറ്റി
വീണ്ടുമൊരു നിദ്രയിലേക്ക്
കൂടണയുന്നു ഞാനും....

അക്ഷരങ്ങൾ

ഒറ്റപ്പെടുന്നവന്റെ നിശ്ശബ്ദ നിലവിളിയിൽ
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളിൽ
മറവിയുടെ മാറാല മൂടാത്ത ദിക്കുകളിൽ
ജനിമൃതികൽക്കിടയിലെ പെരുവഴികളിൽ
തീപ്പക്ഷികൾവട്ടമിട്ടു പറക്കുന്ന കിനാക്കളിൽ
അക്ഷരങ്ങൾ എന്നും കവിതയിൽ അലിയുന്നു...

Tuesday, November 26, 2013

മുറ്റത്തു ഞാനൊരു........

മുറ്റത്തു ഞാനൊരു ചെമ്പകം നട്ടു
മിഴികളിലായിരമഴകു ചാര്‍ത്താന്‍
ഓര്‍മ്മയില്‍ഞാനൊരു മധുരനാരകം നട്ടു
ചവര്‍പ്പും മധുരവുമാവോളം നുകരാന്‍
കിനാക്കളാലൊരു കാഞ്ഞിരം നട്ടു ഞാന്‍
ജീവിതചവര്‍പ്പു നുണഞ്ഞു രസിക്കാന്‍....

പച്ചപ്പ് ....

വർണ്ണങ്ങളെങ്ങോ
ഉപേക്ഷിച്ചകന്ന
അവ്യക്തച്ചിത്രമാണ്
ഞാൻ....

നീ
എഴുതിത്തുടങ്ങുന്ന
ഓരോ വരികളുടെ
വേരുകളും
നിറയ്ക്കുന്ന
പച്ചപ്പ് ....

നമ്മൾ...
ഒരിക്കലും
പെറ്റുപെരുകാത്ത
മയിൽപ്പീലിത്തുണ്ടിന്റെ
നഷ്ടപ്പെടാത്ത വർണ്ണങ്ങൾ

ഒരു പനിചൂടില്‍,,,

മിണ്ടാതെ വന്ന്
തൊട്ടുരുമ്മിയുമ്മ വച്ച്
തഴുകി തലോടുന്ന
ഇളം കാറ്റിനെയും
നിമിഷങ്ങളെയും
വിരൽ നീട്ടിയൊന്നു
തൊട്ടു നോക്കാനാവാതെ
ഒരു പനിചൂടില്‍
തലചായ്ചുറങ്ങുകയാണു ഞാന്‍....

ഓര്‍മ്മകള്‍,,,,,,,,,,

എന്നെ മൂടിയ വെള്ളാരങ്കല്ലുകള്‍ക്ക് മേല്‍
ഓര്‍മ്മകളൂടെ നനവാര്‍ന്ന മിഴികളില്‍
എന്നെ നിറച്ച് നീ നല്‍കിയ
ചുവന്ന റോസാപ്പൂക്കളിന്നു വാടി തുടങ്ങി..
നിന്നിലെ നിറഞ്ഞ ഓര്‍മ്മകള്‍ പോലെ....

Monday, November 25, 2013

ഇനി നടന്നകലണം...

ഓർമ്മകളുടെ 
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

മൗനതടാകത്തിൽ

രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം..

നില മേഘങ്ങളെ 

കറുപ്പണിയിച്ച് മഴ
ശകലങ്ങളായി വീണുടയേണം.

നീലകുറിഞ്ഞികൾ

പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്

വീണു മരിക്കേണം...

ഓർമ്മകളൂടെ 

പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം...

വാക്കുകളുടെ 

കുത്തൊഴുക്കിൽപ്പെട്ട്
ചിന്തകളിൽപുനർജ്ജനിക്കണം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...