Tuesday, January 7, 2014

എനിക്ക് പ്രണയമാണ്....

എനിക്ക്
പ്രണയമാണ്..

ഒറ്റ ചുംബനം കൊണ്ട്
ചുട്ടു പൊള്ളിക്കുന്ന
സൂര്യനോട് ...

മഴ കുളിരാല്‍
കെട്ടി പുണരുന്ന
കരിമേഘങ്ങളോട് ...

ഒരു നിലാത്തുണ്ടിനാല്‍
നൃത്തം വയ്ക്കുന്ന
നിഴലനക്കങ്ങളോട് ...

വാചാലതയെ ഭേദിക്കുന്ന
മൌനത്തെ പെറ്റിടുന്ന
ഓര്മ്മകളോട് ...

എനിക്ക് എനിക്ക്
പ്രണയമാണ്....

പകലോര്മ്മ

പകലോര്മ്മ പുതുക്കുന്ന
ചുവന്ന ആകാശത്തിലും
നിലാത്തുടുപ്പിൽനിഴലണിഞ്ഞ 

മണ്‍ക്കോണിലും ഒരു കട്ടുറുമ്പ്
വെറുതെ പാഞ്ഞു നടക്കുന്നു...

ചിന്തകളുടെ ഭ്രാന്താലയത്തിൽ 

എട്ടുകാലികൾസ്നേഹപശ ചുരത്തി
പ്രണയത്തെ തൂക്ക് കയറാക്കുന്നു .

നോവുകളുടെ ഈറ്റില്ലത്തിൽ
ഒരു തൂലിക മഷിയുണങ്ങാത്ത
സ്വപ്നങ്ങൾ തേടി പായുന്നു..

ചിന്തകളിൽ മുഖം പൊത്തുന്ന
മണ്ണിരകൾ കവിതകളുടെ
പേറ്റു നോവ് ഇളക്കി മറിയ്ക്കുന്നു.

കൈവിട്ടു പോയ സൗഭാഗ്യങ്ങളുടെ
കണക്കെടുപ്പിനായി പിന്നാക്കം
പായുന്നു കുഴിയാനകൽ ...

പടിയിറങ്ങിയ നോവുണ്ട്..

ഉത്തരങ്ങള്‍ ബാക്കി വച്ച്
പടിയിറങ്ങിയ ഒരു നോവുണ്ട്
വെയില്‍പക്ഷി തിന്ന ഒറ്റച്ചില്ലയുടെ
ഉള്ളിന്റെയുള്ളിലെ പിടച്ചിലില്‍

ഉരുകിത്തീരുന്ന പ്രാണനിലൊരു
തിരി അണയാതെ കത്തുന്നുണ്ട്
കാറ്റായും കുളിരായും നിലാവായും
നീയെന്നെ ചുറ്റി പുണരുമ്പോള്‍

ഭ്രാന്തമായ ജല്പനങ്ങള്‍ക്കപ്പുറം
മിഴികള്‍ തേടുന്ന തീരങ്ങളില്‍
ഇലകള്‍ പൊഴിച്ച വേനലിന്റെ
കാണാ കനവിന്റെ തിരകളുണ്ട്.

കിനാവിനെ കണ്ടെടുക്കട്ടെ...

നിന്റെ മിഴികളിലെ 
ഓളങ്ങൾ
എനിയ്ക്കു തരൂ, 

ഞാനെന്റെ
കിനാവിനെ 

കണ്ടെടുക്കട്ടെ...

പിന്‍വഴികള്‍....

ഓര്മ്മകള്ക്ക് 
പിന്‍വഴികള്‍ ധാരാളം ഉണ്ട് ..
രാത്രിയുടെ നിശ്ശബ്ദതയിൽ
കൈപിടിച്ച് നടത്തുന്ന
നിഴല്‍ചിത്രങ്ങളായ് ..
കിനാത്തീരത്ത് 

ഇരുളില്‍ വിടരുന്ന
നിശാഗന്ധിയായ്..
മഴയോര്മ്മയില്‍ 

ജീവിച്ചു മരിച്ച 
മഴ ശലഭമായ്...
ഓര്മ്മകള്ക്ക്

പിന്‍വഴികൽ
ധാരാളം ഉണ്ട് ..

പ്രണയം

നിന്റെ 
വാചാലത പെറ്റിട്ട
മൌനത്തിലാണ്.
ഞാനെന്റെ 

പ്രണയം
കണ്ടെടുത്തത് .....

സായന്തന കാറ്റ് .

മുറിയാകെ 
അലങ്കോലമായിരിക്കുന്നു..
എത്ര തവണ വിലക്കിയിട്ടും ,
ആരോ ചുമരുകളില്‍ 

അവ്യക്ത ചിത്രങ്ങള്‍ കോറിയിടുകയാണ്
തെളിയാതെ വരച്ചും 

പകുതി വരയില്‍ നിര്ത്തിയും
ചില നിമിഷങ്ങളുടെ വരകള്‍ 

മാറാല പോലെ 
കെട്ട് പിണഞ്ഞു കിടക്കുകയാണ്
ഓര്മ്മകളുടെ താഴിട്ടു പൂട്ടിയ 

ചിത്രപൂട്ടുകള്‍ കുത്തി തുറന്ന് 
മൌനങള്‍  പകച്ച കണ്ണുമായി 
നാല് ചുമരുകള്‍ക്കുള്ളില്‍ ഓടി നടക്കയാണ്..
പാതി ചാരിയ വാതില്‍ പടിമേല്‍ 

കാത്തിരിക്കുന്നു സായന്തന കാറ്റ് .

Tuesday, December 31, 2013

മൌനത്തിന്റെ മേലാപ്പിനുള്ളിലേക്ക്

ചിന്തകളുടെ
പടവുകൽകയറിയ
വാക്കുകൽചെന്നെത്തിയത്
ശ്മശാനത്തിലാണ്..

മൌനത്തിന്റെ
മേലാപ്പിനുള്ളിലേക്ക്
നൊമ്പരത്തിന്റെ
സദ്യതേടി
നിരനിരയായി

ഉറുമ്പുകളുടെ ജാഥകൾ
വിരുന്നു പോകുന്നു ...

കാറ്റിന്റെ നാവുകൾ
രുചിച്ചു നോക്കിയ
തീനാളങ്ങൾക്ക്
സാക്ഷിയായി
ബലികാക്കകൽവീണ്ടും
ആരെയോ കാത്തിരിക്കുന്നു.
..

പാവമൊരു പെണ്ണല്ല ഞാന്‍ !!

ആലസ്യമാണ്ട വേളകളിൽ
കലുഷിതമായ ചിന്തകളില്‍
ഒറ്റപ്പെട്ട നിമിഷങ്ങളില്‍ നീ
എന്നും തേടിയെത്തുമായിരുന്നു

മേനിയില്‍ മൃദുവായി തഴുകി
സിരകളില്‍ അഗ്നി പടര്ത്തി
ചുംബന മുദ്രകളിലലിയുമ്പോൾ
അറിയുന്നുണ്ടായിരുന്നു....

ഈ ജന്മം കത്തിയമരുകയാണെന്ന്
അവശേഷിപ്പുകള്‍ ബാക്കി വയ്ക്കാതെ
ദൂരേയ്ക്ക് വലിച്ചെറിയപ്പെടുമെന്ന്
ചവിട്ടി മെതിച്ചു നീ വീണ്ടും വീണ്ടും
പുതിയ മേച്ചിൽ പുറങ്ങൾതേടുമെന്ന്..

അറിയുക.... പാവമൊരു പെണ്ണല്ല ഞാന്‍ !!

പ്രതികാരാഗ്നി പടര്ത്തി നിൻ
ഹൃദയധമനികളില്‍ പറ്റിച്ചേര്‍ന്ന്
കരളിനെ കാര്ന്നു കാര്ന്ന്
ശ്വാസങ്ങളില്‍ മുള്ളുകള്‍ വിതറി
ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന
ലഹരിയാണു ഞാന്‍..!!
വെറുമൊരു തുണ്ടു കടലാസ്സില്‍
ഉണങ്ങിയ ഇലകൾക്കുള്ളിൽ
നഗ്നത മറയ്ക്കുന്ന പുകയിലകൽ .

നിന്റെ ഓർമ്മകളിലൂടെ

മഴ നനഞ്ഞ് നനഞ്ഞ്
മിഴിനീരറിയാതെ
നിന്റെ ഓർമ്മകളിലൂടെ
എനിക്ക് ഇനി നടക്കണം...

ആ മഴത്തുള്ളികളാകവേ
ഈ കൈകുമ്പിളിൽനിറച്ച്
നിന്റെ മുഖം വീണ്ടും വീണ്ടും
എനിക്ക് കാണണം..

പിന്നെ പിന്നെ,
യാത്ര ചൊല്ലാതെ
വിരലുകളിടെയൂർന്നിറങ്ങുന്ന
മഴത്തുള്ളികളോട് മൌനമായി
എനിക്ക് യാത്ര ചൊല്ലണം..

ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

രാപകലിന്റെ താഴ്വരയിൽ
ഒടുങ്ങുന്ന മറവിയിൽ
ഒരു ആഴി തൻആഴത്തിൽ
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും !!

നോവിന്റെ കനൽ കാടുകളിൽ
നിറം കെടാത്തെ ഓർമ്മകളിൽ
നിറയെ പൂക്കുന്നു ശോകങ്ങൾ
അടരുന്നു തണൽമരങ്ങൾ..

വാക്കിനാൽ മുറിവേറ്റ രണഭൂമിയിൽ
ചിറകറ്റു പാടുമൊരു കുയിലിന്റെ
ഇടറാത്ത ഗാനത്തിൻ ഈണത്തിൽ
ഉണരുന്നു ഉയരുന്നു തീരാവ്യഥകൾ

വീണുടയുന്ന നിമിഷ മാത്രകളിൽ
അറിയാതെ ഒടുങ്ങുന്ന സ്പന്ദനങ്ങളിൽ
കാണാതെ മറയുന്ന കാഴ്ചവേഗങ്ങളിൾ
നോവുകൾ ഇനിയും പിറക്കാത്ത
കിനാവിന്റെ ഈറ്റില്ലങ്ങളിൽ
ഒരു കുഞ്ഞു തെന്നലായ്
ചേര്ത്ത് വയ്ക്കട്ടെ ഇനി എന്നെ ഞാനും ..!!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...