Wednesday, April 2, 2014

എഴുതി തീരാത്ത കവിത ...


 ഇനി  വിണ്ടും


നൊമ്പരങ്ങള്‍ക്ക്


വസന്തകാലമാണ്‌


കോശങ്ങളെ 

രാകി മിനുക്കി

നാളെയുടെ 

തുടിപ്പിന് 

കാതോര്‍ക്കാം 


ഒപ്പിയെടുത്ത

നൊമ്പര കാഴ്ചകള്‍ 



വറ്റിച്ച മിഴികളാവും

ഇനി തുണ,


നരച്ച ഭിത്തികളിലേക്ക് 

ഉറ്റുനോക്കി 

വരും ദിനങ്ങളില്‍ 

തപസ്സു ചെയ്യാം


ശേഷിച്ച 

കിനാക്കളെ

അടയാളം വച്ച് 

കരിച്ചു കളയാം


ബാധ്യതകളുടെ

നിഴല്‍പകര്‍ച്ചയില്ലാതെ

തീനാളം പോലെ 

എരിഞ്ഞടങ്ങാം


അപ്പോഴും 

എഴുതി തീരാത്ത 

ഒരു കവിത

ബാക്കിയുണ്ടാകും



നിര്‍വ്വചനങ്ങളില്‍ ......

ചെരാതുകള്‍

ഓര്‍മ്മയുടെ ഓളങ്ങളില്‍

നുറുങ്ങു വെട്ടവുമായി

ചേക്കേറുന്നവര്‍



നിഴലുകള്‍

മുമ്പും പിമ്പും

ഒളിഞ്ഞും തെളിഞ്ഞും

ഒപ്പത്തിനൊപ്പവും

ഇരുള്‍ കാത്തിരിക്കുന്നവര്‍



മനസ്സ്

നിന്നിലും എന്നിലും

മിഴികളില്‍ നിറഞ്ഞു

ഇന്നലെകളുടെ

രാപ്പനി തിര്‍ക്കുന്നവര്‍.



പുഞ്ചിരി

മിഴികളില്‍ പൂക്കുന്ന

സൗഹാര്‍ദ്ദ മലരുകളില്‍

നിറയുന്ന തേന്‍ കണം.



കിനാവുകള്‍

അരുതാത്ത വഴികളില്‍

മറഞ്ഞു പൂവിടുന്ന

തൊട്ടാവാടികള്‍.



മൌനം

ഏകാന്തതയുടെ

ഒറ്റദ്വീപുകളില്‍

പകര്‍ന്നു വയ്ക്കുന്ന

സുഖമുള്ള നോവ്.




സുഡോക്കു....


വിശന്ന വയറുമായി
ചതുരങ്ങള്‍ 


തപസ്സിരിക്കയാണ് 


തലങ്ങും വിലങ്ങും 

സഞ്ചാര വഴികളില്‍

മിഴികളുടക്കി

ചിന്തകള്‍ 

വഴി തേടുകയാണ്.


സ്വസ്ഥാനങ്ങളില്‍

കൂട്‌ കൂട്ടാനായി

തിടുക്കം കൂട്ടുമ്പോള്‍

അതിമോഹങ്ങള്‍

ഒട്ടുമേ ഇല്ല


ഗുണനത്തിനു

ഇരുവശവും ചേര്‍ന്ന്‍

കൂട്ടലും കിഴിക്കലും


ഇണയെ

കോര്‍ത്തെടുത്താല്‍

മതില്‍ക്കെട്ടിനുള്ളില്‍

സ്വസ്ഥം സുഖം



ഊര്‍ന്നുപോയ കിനാക്കള്‍....



നുല്‍ പോയ പട്ടമല്ല

കൈക്കുമ്പിളിലൂടെ


കിനിഞ്ഞിറങ്ങിയ


കിനാക്കള്‍..


അഗ്നിച്ചിറകുകള്‍

ആഞ്ഞു വിശി 

ചുറ്റുവട്ടത്ത്

വട്ടമിട്ടു പറക്കും 


ഉന്മാദത്തിന്‍റെ

മായ ക്കാഴ്ചകളിലേക്ക്

കുതറിയോടും.


അനാഥത്വത്തിന്‍റെ



കരിമ്പുക പടര്‍ന്ന

ഒറ്റ ദ്വീപുകളില്‍

മാറാലകള്‍ തീര്‍ത്ത്

കാത്തിരിക്കും.


പാദങ്ങളുടെ

വഴുക്കലുകളില്‍

തെന്നി മറഞ്ഞ്

ഓര്‍മ്മകളില്‍

ആഴം തേടുന്ന

ഉപ്പു കാഴ്ചകള്‍

ഒരുക്കും.


സ്വാര്‍ത്ഥതയുടെ

ഉഷ്ണസഞ്ചാര

പഥങ്ങളില്‍

കണ്ടുമുട്ടുന്ന

ചിരികള്‍ക്ക്

അന്യരാക്കും.



Saturday, March 15, 2014

വേവിന്റെ പുഞ്ചിരി ...

മൌനത്തിന്റെ 
മറവില്‍
ഒളിച്ചിരിക്കുന്നു 
ഇരുളിനെ ഭയക്കാത്ത
കടവാവലുകള് ... 

 ഒഴുകുന്ന 
പുഴയുടെ വശ്യതയില്‍
 ഒളിഞ്ഞിരിക്കുന്നു
 വരള്ച്ചയുടെ ഭീകരമുഖം......

 ഉപാധികളില്ലാത്ത 
വാക്കുകളില്‍ 
കുരുങ്ങിക്കിടക്കുന്നു
 മിഴികളിലെ 
കണ്ണീർ കടല്‍ ..

 ഇന്നീ കടം വാങ്ങിയ
രാപ്പകലുകളില്‍
 മനമറിയാതെ 
നീയറിയാതെ
ഓരോ നിമിനേരവും 
അളന്നെടുക്കുന്നു
പ്രാണനില്‍ തുടിക്കുന്ന
വേവിന്റെ പുഞ്ചിരി ...











ഓര്‍മ്മക്കൂട്ട്....

ഈറന്‍ സ്വപ്നങ്ങള്‍ 
മയങ്ങിയ മിഴികളടച്ച് 
വിറകൊണ്ട അധരങ്ങളടച്ച് 
ഞാനെന്‍ പ്രാണനെ 
 വേര്‍പിരിയുമ്പോള്‍...

 എന്റെ ഓര്‍മ്മയുടെ
 ചാറ്റലില്‍ നനഞ്ഞ് 
നീ വന്നിടേണ്ട...
 
മനസ്സിലൊരു വിഷാദരാഗം
എനിക്കായി എഴുതിടേണ്ട..... 

 എന്റെ കോര്‍ത്തുവച്ച 
വിരലുകളിലേക്ക്
 സ്നേഹത്തിന്റെ
 പനിനീര്‍പൂവ് 
പിന്നെ നീ നല്‍കിടേണ്ട... . 

മണ്ണില്‍ മുഖം ചേര്‍ത്ത് 
മഴയും വെയിലും 
മഞ്ഞുമേറ്റ് ഞാനുറങ്ങുമ്പോള്‍..

 നിലാവെനിക്ക് തണലേകും 
പുതിയ പുല്‍നാമ്പുകള്‍ 
എന്നോട് കിന്നാരമോതും
 അപ്പോഴും എന്റെ....

നിഴലുകളെ പിന്തുടരാന്‍
 ഓര്‍മ്മക്കൂട്ടിന്റെ ചെപ്പ്
 പിന്നെ  നീ തിരയരുത് 

 എന്നാലും...എന്നാലും 

സൂര്യചന്ദ്രന്മാരില്ലാത്ത 
ആ ലോകത്തിലും 
നിന്റെ ഓര്‍മ്മക്കൂട്ട്
 എനിക്കൊപ്പമുണ്ടാകും.....









കറുപ്പ് എനിക്കിഷ്ടമാണ്.....

കറുപ്പ് 
എനിക്കിഷ്ടമാണ്

നീതി ദേവതയുടെ  കാഴ്ചകളില്‍ 
അന്ധതയുടെ  ഇരുള്‍ പടര്ത്തുന്ന 
 കറുപ്പിന്റെ ഒറ്റക്കഷണം.. ... 

സമയസൂചികയില്‍ 
ജന്മങ്ങള്‍ കോര്ത്തിണക്കുന്ന
കറുപ്പണിഞ്ഞ അക്കങ്ങള്‍.. 

 ഓര്മ്മയുടെ നിലവറകളില്‍ 
കറുപ്പിന്റെ ആഴക്കയത്തില്‍
 മിന്നുന്നു അവ്യക്ത ചിത്രങ്ങള്‍.. 

 ഇഷ്ടങ്ങളുടെ കൗതുകങ്ങളില്‍
 കുടിയിരുപ്പുകളെ ആവാഹിക്കുന്ന 
 കരിമഷി കണ്ണുകള്‍.. 

 നീലിച്ചു നരച്ച മേഘക്കാടുകളില്‍ 
വിരുന്നെത്തി പെയ്തു തിമിര്ക്കുന്ന 
 കരിമുകിലുകള്‍.. 

 അതെ, കറുപ്പ് എനിക്കിഷ്ടമാണ്..

Sunday, February 2, 2014

മഴപ്പിറാവുകള്‍ ...

മഴപ്പിറാവുകള്‍ കൂടൊരുക്കിയ
പൂമരച്ചോട്ടിലാണു
നീയിപ്പോള്‍ ...
അവിടെ ,
വിടരുന്ന ഓരോ പൂവിലും
പിടയുന്ന ഹൃദയം
നിനക്ക് കാണാം ..

നുള്ളി നോവിക്കാതെ ,
നഖപ്പാടുകള്‍ വീഴ്ത്താതെ
നീയവയെ മെല്ലെ
കൈവെള്ളയിലൊതുക്കുക..

ഇത്തിരി
ആയുസ്സിലൊളിപ്പിച്ച
വറ്റാത്ത സ്നേഹത്തിന്റെ
സുഗന്ധം അനുഭവിച്ചറിയുക....

കാനന വഴികള്‍ താണ്ടുന്നു

വാക്കെന്നൊതിയ
വാക്കുകളെല്ലാം
മനസ്സിനോരത്ത്
മുള്‍ച്ചെടികളായി
വളരുന്നു...
തിരക്കെന്നോതിയ
തിരക്കുകളെല്ലാം
ജീവിത നടവഴിയില്‍
പെയ്തൊഴിയുന്നു..
കിനാവുകള്‍ കണ്ടും
കഥകള്‍ ചൊല്ലിയും
കാണാതെ വെറുതെ
കാനന വഴികള്‍ താണ്ടുന്നു

ഒരു പുഴ.

നിറമുള്ള മരുന്നുകളില്‍
ദൈവത്തിന്റെ സുഗന്ധം..
തിളങ്ങുന്ന സൂചിമുനയില്‍
നനുത്ത തലോടല്‍ ..
നേര്ത്ത പ്ലാസ്റ്റിക് കുഴലിലൂടെ
ഒഴുകാന്‍ മടിച്ച് അരിച്ചിറങ്ങുന്നു
ജീവന്റെ നാഡികളില്‍
ഒന്നിച്ചുറങ്ങാന്‍ ചുവപ്പുകടലിലേക്ക്
ഒഴുകാന്‍ മടിച്ച് മടിച്ച്
ഞരങ്ങുന്ന ഒരു പുഴ...

കിനാക്കളെ ചുമക്കുന്നവരോട്

കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...
ആരും കാണാതെ മേഘരൂപങ്ങളില്‍ പതിയിരുന്ന്
മാടി വിളിക്കുന്ന നക്ഷത്രകൂട്ടുകാര്
വഴിവെളിച്ചവുമായൊപ്പമുണ്ടാകും..
കൂട്ടം തെറ്റിയ പക്ഷിക്കുഞ്ഞിന്റെ 

പകച്ച മിഴികളെന്നും
നിഴലായുണ്ടാക വേണം..
ഭയത്തിന്റെ നേരിയ 

കുളിരിൽതുമ്പില്‍ എപ്പോഴും
ഒരു ഓര്മ്മച്ചെപ്പ് കാത്തുവച്ചീടെണം
അവസ്ഥാന്തരങ്ങളുടെ അര്ത്ഥമില്ലായ്മയില്‍
മനസ്സിനെ പറത്തി വിടാന്‍
തല്പമൊരുക്കേണം.....
പരീക്ഷണങ്ങളുടെ ഊട്ടു പുരയിലെന്നും
ബലിച്ചോറും എളളും പൂവും ജലവും
കരുതി വയ്ക്കണം ..
കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...