Sunday, June 22, 2014

മൌനങ്ങള്‍ കാത്തിരിക്കുമ്പോള്‍ ....

നേര്‍ത്ത 
മൌനത്തിന്‍റെ
മൂടുപടത്തിനുള്ളില്‍
മറഞ്ഞിരിക്കുമ്പോള്‍
എനിക്കുറപ്പുണ്ട്‌

ശബ്ദഘോഷങ്ങളോടെ
ആര്‍ത്തലച്ച്
പെയ്യാനൊരുങ്ങുന്ന
ഒരു മഴയുടെ
സംഗീതത്തിനു
കാതോര്‍ത്തിരിക്കയാണ്
നീയെന്ന്

സ്പന്ദനം
നിലയ്ക്കാത്ത
ഓര്‍മ്മകളുടെ
ഓരോ അറകളിലും
വെയിലത്തെത്തുന്ന
ചാറ്റല്‍ മഴ പോലെ
പടര്‍ന്നു മായുന്ന
കരിമുകില്‍ പോലെ
മരിച്ചു പോയ എത്ര
നിമിഷങ്ങളുടെ
മൌനങ്ങളാണ്
എന്നെയും
കാത്തിരിക്കുന്നത്

വരൂ നീയും
നിശ്ശബ്ദതകളെ
വിരല്‍ത്തുമ്പില്‍
തുന്നി ചേര്‍ത്ത്
വാക്കുകളുടെ
അമരത്ത്
ഇനി നമുക്ക്
ചേര്‍ന്നിരിക്കാം ...

ഒരു കുസൃതിക്കാറ്റ് ,,,

ഒടുങ്ങാത്ത കാഴ്ചകളുടെ
മങ്ങാത്ത ദൂരങ്ങളില്‍
ഒളിച്ചിരുന്ന്
കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

നിശ്ശബ്ദതയുടെ
മൂടുപടങ്ങളണിഞ്ഞ്
നിലയില്ലാത്ത ആഴങ്ങള്‍
കാത്തു വയ്ക്കുന്ന 
ജലരാശികളില്‍
തൊട്ടുരുമിയുമ്മ വച്ച്
ദൂരങ്ങള്‍ തേടി പായുമ്പോള്‍
ഇല ഞരമ്പിലൂടെ പടര്‍ന്ന്‍ പടര്‍ന്ന്‍
കൊഞ്ചിക്കൊഞ്ചി ചിരിക്കുന്നുണ്ട്
ഒരു കുസൃതി കാറ്റ്

കറുത്ത വേരുകളാഴ്ത്തുന്ന
ഇരവിന്‍റെ മാറില്‍
വീണു മയങ്ങുന്ന ഇലകളുടെ
മരണം മണക്കുന്ന
സഞ്ചാര പഥങ്ങളിലേക്ക്
പതുങ്ങി വന്നെത്തി നോക്കി
ഋതുക്കള്‍ മറയുമ്പോള്‍
വെളുത്ത പൂക്കളെ തേടി
മഴ 
വിരലുകള്‍ കോര്‍ത്ത്
ദൂരങ്ങള്‍ തേടിത്തേടി
കൊഞ്ചിചിരിച്ചു പായുകയാണ്
ഒരു കുസൃതി കാറ്റ്...

ഏകാന്തതയുടെ പടവുകളില്‍ ...

ഒറ്റപ്പെടലില്‍ എനിക്കെന്നും
ഒരു ആഹ്ലാദമുണ്ട്

പിന്തിരിഞ്ഞു നടക്കാത്ത
ഘടികാരപാദങ്ങള്‍ക്കൊപ്പം
അകന്നു പോകുന്ന
ഓരോ നിമിഷങ്ങളെയും
തെറ്റുന്ന ഹൃദയതാളത്തിനൊപ്പം
മൌനത്തിന്‍റെ വേവു നോക്കി 
പാകപ്പെടുത്തി രുചിക്കാം

വാക്കുകള്‍ക്കുള്ളിലെ
പൊള്ളുന്ന സത്യങ്ങളെ
ആരുമറിയാതെ
ഉള്‍ചൂടാല്‍ തൊട്ടറിയാം

വേരുകളാഴ്ത്താതെ
അകന്നു പോകുന്ന
ഒരോ കിനാക്കളെയും
ഏകാന്തതയുടെ ഒറ്റദ്വീപില്‍
പടര്‍ന്നു പന്തലിക്കുന്ന
നെല്ലിമരങ്ങളായി
മിഴിനീര്‍ നനവില്‍
നട്ടു വളര്‍ത്താം

വിധിയുടെ
താളുകള്‍ക്കിടിയില്‍
നൊമ്പരത്തിന്‍റെ
ശരശയ്യയില്‍
തല ചായ്ച്ചു മയങ്ങാം ...

ഒറ്റപ്പെടലില്‍
എന്നുമെന്നും
ഒരു ആഹ്ലാദമുണ്ട്
 

Monday, June 2, 2014

ഗുള്‍മോഹറുകള്‍ പൂക്കുമ്പോള്‍

ചിന്തകള്‍
വാക്കുകള്‍ തേടി
യാത്ര പോകുമ്പോഴാണ്
മൌനങ്ങള്‍
പെറ്റു പെരുകുന്നതും
ഇരുളുകളില്‍ ഒളിഞ്ഞ്
ശബ്ദമില്ലാതെ വിതുമ്പുന്ന
ഓര്‍മ്മകളുടെ പൊരുളുകള്‍ക്ക്
കാവലാളാകുന്നതും....

ഇഷ്ടങ്ങള്‍
കണ്ണിര്‍ത്തടാകത്തില്‍
മുങ്ങികുളിച്ച്
നിവരുമ്പോഴാണ്
തിരസ്കരണത്തിന്‍റെ
പാതകളില്‍
ഒറ്റപ്പെടലിന്‍റെ
നിഴലുകളുണ്ടാകുന്നത് ..

അപ്പോഴും ,

വാക്കുകളുടെ
വക്കുകളിലെ മുനകളില്‍ തട്ടി
വിറങ്ങലിച്ച് പോകുന്ന
കിനാവിന്‍റെ ചിറകുകള്‍ക്ക്
വീണ്ടും ,
ഇരുളിനെ തേടുന്ന പകലിന്‍റെ
ചുവപ്പ് നിറമായിരിക്കും

മഞ്ഞുത്തുള്ളി

അസ്തമയ ചുവപ്പിന്‍റെ 
വരാന്തയില്‍ 
നിശ്വാസങ്ങളാല്‍ 
വെന്തു പോയിരിക്കുന്നു 
ഇന്നെന്‍റെ വാക്കുകള്‍

നൊമ്പരമേഘങ്ങളുടെ 
അട്ടഹാസങ്ങളില്‍ നിന്ന്‍ 
നക്ഷത്രകുഞ്ഞുങ്ങള്‍ 
തെറിച്ചു വീഴുന്നു 


നിഴലും നിലാവും
ഇണ ചേരുന്ന
നിഴലനക്കങ്ങളുടെ
ചുറ്റുവട്ടങ്ങളിലേക്ക്
നിശാശലഭങ്ങള്‍
കണ്‍തുറക്കുന്നു

ഗന്ധം വാരി പുതച്ച
വെളുത്ത പൂക്കള്‍
ആയുസ്സിനെ
കൈക്കുമ്പിളില്‍
ഒളിപ്പിച്ച
മഞ്ഞുതുള്ളിയെ
കാത്തു നില്‍ക്കുന്നു ..
.

Thursday, May 29, 2014

വേനല്‍ മഴ


ഈ വേനല്‍ ചൂടിലും 

ഒരു വസന്തത്തിനായി 
നീ കാതോര്‍ക്കുമ്പോള്‍
നിന്നില്‍ ഞാന്‍ തിമിര്‍ത്ത് 
പെയ്യാതിരിക്കുവതെങ്ങനെ

ഒരില പൊഴിയും പോലെ .....


അവസാന അദ്ധ്യായവും 

വായിച്ചു തീരാറായിരിക്കുന്നു 
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍..

ജീവിതത്തിന്‍റെ ഗണിതകൂട്ടുകളില്‍
കൂട്ടിയും ഗുണിച്ചും ഹരിച്ചും
ബാക്കിയാകുന്ന നിമിഷങ്ങളില്‍ 
നിശ്ശബ്ദമൊരു നിഴലായ്
സിരകളില്‍ പടര്‍ന്നിറങ്ങാന്‍ 
വെമ്പുന്ന നേരിന്‍റെ ചിറകടികള്‍ 
കാതോര്‍ത്ത് ഇനി 
വായിച്ചു തീര്‍ക്കാം 

ഒരില പൊഴിയും പോലെ 
ഒരിതള്‍ അടരും പോലെ
വായിക്കപ്പെടാതെ കിടക്കുന്ന 
ഏടുകളില്‍ എവിടെയോ 
ഒളിഞ്ഞു കിടപ്പുണ്ട്
ഇതു വരെ മിഴികള്‍ തേടിയ 
സുത്രവാക്യങ്ങള്‍.. 

ഞാന്‍ ....

അകലെയെന്നോര്‍ത്ത് 

കണ്‍ചിമ്മേണ്ട താരമേ നീ 
നിന്നരികിലെത്താന്‍ 
ജീവനേരങ്ങളിലെന്‍
ശ്വാസമളന്നിരിപ്പൂ ഞാന്‍ .

ഒരു തൂവല്‍ സ്പര്‍ശം


മഴപ്പിറാവുകള്‍ കൂടൊരുക്കുന്ന 

പൂമരച്ചില്ലയില്‍ നിന്നും 
കൊഴിയുന്ന തൂവലുകളില്‍ 
ഒരെണ്ണം നീ കരുതുക 
മറവിയുടെ ആഴങ്ങളില്‍ നിന്നും 
നീ കണ്ടെടുക്കുന്ന 
ആദ്യ മുഖം ഇനി എന്‍റെതാവട്ടെ...

Saturday, May 3, 2014

ഇനി നടന്നകലണം...


ഓർമ്മകളുടെ 

പിൻവിളികളില്ലാതെ
ഇനി നടന്നകലണം

മൗനതടാകത്തിൽ
രാവിനെ പ്രണയിക്കുന്ന
ആമ്പലായി വിടരേണം

മേഘക്കെട്ടുകളെ
കറുപ്പണിയിച്ച്
മഴശകലങ്ങളായി
വീണുടയേണം

നീലകുറിഞ്ഞികൾ
പൂക്കുന്ന സന്ധ്യയിൽ
ചിറകറ്റ പക്ഷിയായ്
വീണു മരിക്കേണം

പുഞ്ചിരിയുടെ
പിൻവിളികൾക്കിനി
ചന്ദന ചിതയൊരുക്കേണം

വാക്കുകളുടെ
കുത്തൊഴുക്കിൽപ്പെട്ട്
വീണ്ടും ചിന്തകളിൽ
പുനർജ്ജനിക്കണം

ഓർമ്മകളുടെ
പിൻവിളികളില്ലാതെ
ഇനി നടന്നകലണം...

Tuesday, April 15, 2014

കാറ്റിന്‍റെ വാചാലതയില്‍


ഒരു നേരിയ 
കാറ്റിന്‍റെ

വാചാലതയില്‍

ഒരു ശ്വാസത്തിന്‍റെ 
കുഞ്ഞു ചിറകില്‍ 
ദിശ അറിയാതെ
ഒറ്റ ബീജത്തിന്‍റെ 
ഉള്‍ത്തുടിപ്പില്‍ 
ദൂരം കൊതിക്കുന്ന 
അപ്പൂപ്പന്‍ താടി
എന്നുമെന്നും 
വിസ്മയങ്ങളുടെ 
മാറാലയില്‍ 
തുടിക്കുന്ന
പ്രണയം 
പങ്കു വയ്ക്കുന്നു. 


ആണ്‍നോട്ടത്തിന്‍റെ 
മീന്‍ കൊത്തികള്‍ 
എന്നും 
നോവിന്‍ 
പെരുക്കങ്ങള്‍ 
കഥ പറയുന്ന 
വയലേലകളില്‍ 
ഊറി ചിരിച്ചു 
തുടിക്കുന്ന 
ചെറു മീനുകളുടെ 
നെഞ്ചിലേക്ക്
ആര്‍ത്തിയോടെ 
ഒളിക്കണ്ണെറിയുന്നു.. 


രാത്രിയുടെ 
മൌനവേഗങ്ങളില്‍ 
ആരേയോ തേടുന്ന 
നിഴലനക്കങ്ങളെ 
കണ്ടില്ലെന്നു നടിച്ച് 
സദാചാരത്തിന്‍റെ 
പുറന്തോടിനുള്ളില്‍ 
കൂട് തേടുന്ന 
ആമകള്‍.. എന്നും 
മാധ്യമ പൊത്തുകളില്‍ 
ഇടം നേടുന്നു.. 


വാക്കുകളില്‍ 
കാട്ടു തീയുടെ 
നേര് 
ഊതികെടുത്തി 
ചിന്തകളില്‍ 
ഗര്‍വ്വിന്‍റെ 
അഗ്നിനാളങ്ങള്‍ക്ക് 
തിരികൊളുത്തുന്നു 
മേലാള സര്‍പ്പത്തിന്‍റെ 
കറുത്ത കണ്ണുകള്‍.. 

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...