Tuesday, February 26, 2013

മഴനൂലുകളെ തോല്പിച്ച്

ആര്‍ത്തിരമ്പിയടുത്ത വേദനയുടെ മഴമുകിലുകള്‍
ഭയപ്പെടുത്തിരുന്നുവോ ...?
ഈറന്‍ പട്ടുടുപ്പിക്കാന്‍ ഓടിയണഞ്ഞ മഴനൂലുകളെ തോല്പിച്ച്
ഏതു പ്രണയത്തിന്റെ കുടക്കീഴിലാണ് നീ ഒളിഞ്ഞത്
ദിനങ്ങളുടെ നേര്‍ത്ത ദലങ്ങളിലൂടെയൂര്‍ന്നിറങ്ങുന്ന
വിധിയുടെ വര്‍ഷകണങ്ങളെ തൊട്ടു മായ്ച്ച്
വീണ്ടും ഒരു മന്ദസ്മിതം അധരങ്ങളില്‍ ഒളിപ്പിച്ച്
വാതിപ്പഴുതിലൂടെ കടന്നു വരുന്ന കിനാക്കളുടെ
ആരവഘോഷയാത്രയിലേക്ക് ഇനി പറന്നുയരാം
മഴശലഭമായല്ല ഒരു ഫീനിക്സ് പക്ഷിയായ്....

Tuesday, February 19, 2013

മിന്നാമിന്നിയായി പറന്നുയരും...

ശ്വാസനിശ്വാസങ്ങളില്‍ 
മരുന്നിന്റെ ഗന്ധം ഉറങ്ങുന്ന ഇടനാഴിയില്‍...
ജീവനില്‍ ശേഷിക്കുന്ന താളത്തിനു 

കണ്ണീരിന്റെ നിഴലനക്കം...
വെറുതെ കാതോര്‍ക്കുമ്പോള്‍ നിശ്ശബ്ദമായ

നിലവിളികള്‍ കേള്‍ക്കുന്നുണ്ടോ...
സ്നേഹനൂലു കൊണ്ടു വരിഞ്ഞു കെട്ടിയിരിക്കുന്ന
ബന്ധങ്ങളെയും ബന്ധനങ്ങളെയും യാഥാര്‍ത്ഥ്യത്തിന്റെ 

മിഴിനീരു കൊണ്ട് ഇനി പൊട്ടിച്ചെറിയാം..
ശിലയില്‍ ഒളിഞ്ഞിരിക്കുന്ന അദൃശ്യശക്തിയോട് 

ഒന്നു പറയാനുണ്ട്..
ആരവങ്ങള്‍ താണ്ടവമാടുന്ന നെടുമ്പാതയില്‍ നിന്ന്
മൌനത്തിന്റെ ഊടു വഴിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോള്‍
വിധിയുടെ കനല്‍ വഴിയില്‍ കൈപിടിച്ചു നടത്തി
പൊള്ളിക്കാനിനിയീ പാദങ്ങള്‍ വിട്ടു തരില്ല..
ബാക്കിവച്ച എല്ലാ കെട്ടുപ്പാടുകളില്‍ നിന്നും
വിധിയെ തോല്പിച്ച മിന്നാമിന്നിയായി പറന്നുയരും...
ഒന്നുമറിയാതെ വിടരുന്ന പനിനീര്‍പ്പൂവില്‍
നാളെ വീണ്ടും അല്പായുസ്സുള്ള ഹിമകണമായി പറ്റി ചേരാന്‍....




Sunday, February 17, 2013

വാക്കുകള്‍ക്ക് മറുവാക്ക്....

വാക്കുകള്‍ക്ക് മറുവാക്ക് കണ്ടെത്താതെ 
എടുത്തെറിഞ്ഞൂടച്ച സ്വപ്നശകലങ്ങളെ
നീ വളപ്പൊട്ടുകള്‍ പോലെ വാരിക്കൂട്ടുക...


മനസ്സിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്തപ്പി 

എന്നോ നിദ്രയ്ക്ക് താരാട്ടായി തീര്‍ന്ന
വാക്കുകളെ നീ കണ്ടെത്തുക...


മുള്ളു കൊണ്ട നീറ്റല്‍ പോലെ ഇന്നും

എന്നില്‍ അലകള്‍ ഉയര്‍ത്തുന്ന
സ്വരങ്ങളെ കണ്ടെത്തുക...


ഇന്നലെകളെ പ്രണയിക്കാതെ 

ഇന്നിന്റെ ഓര്‍മ്മച്ചിത്രത്തിനു നീ മിഴിവേകുക....

വിദ്വേഷത്തിന്റെ സമൃദ്ധിയിലേക്ക് 

നീ പ്രണയത്തെ വലിച്ചെറിയരുത്....

ഒരു യാത്രാമൊഴിയുടെ ഇലത്തുമ്പില്‍ നിന്നും
ഇറ്റു വീഴുന്നുണ്ട് ഉപാധികളില്ലാത്ത വഴിത്താരയില്‍
സ്നേഹമൊഴികളുടെ ഉപ്പുനീര്‍ ഇന്നും എന്നും ഈ മിഴികളില്‍.......



Wednesday, February 13, 2013

ശീലുകള്‍ തേടുമ്പോള്‍ ...

ഇടറി പോകുന്ന ശബ്ദകണങ്ങള്‍
എന്നോ പങ്കു വച്ച ഗാനത്തിന്റെ
ശീലുകള്‍ തേടുമ്പോള്‍ ...
ഈണത്തിന്റെയും താളത്തിന്റെയും
മടങ്ങി വരാത്ത ഉറവകളില്‍
മൌനത്തിന്റെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു...



Sunday, February 10, 2013

നിഴലുകള്‍ ഉദിക്കാത്ത ലോകം തേടി...

പെയ്തൊഴിയുന്ന മഴകണം പോലെ
ഓര്‍മ്മകളെല്ലാം കാലത്തിന്റെ
ഒറ്റയടിപ്പാതകളില്‍ അസ്തമിക്കുന്നു...

സാന്ത്വനത്തിന്റെ ഒരു നിഴല്‍ പോലും
ഇനി കടന്നു വരാനില്ല...
വിധിയുടെ ഉഷ്ണത്തില്‍ വേവുമ്പോള്‍
കുളിരേകാന്‍ ഒരു തെന്നല്‍ പോലും
ഇനി വിരുന്നു വരാനില്ല...

ഋതുക്കളേകുന്ന ജരാനരകള്‍ ഏറ്റുവാങ്ങുമ്പോള്‍
ഒരു കൂട്ടിനായൊരു ഊന്നു വടി പോലും
ഇനി പ്രതിക്ഷിക്കേണ്ടതില്ല....

പാഴ് കിനാക്കളുടെ ഭൂഖണ്ഡങ്ങളില്‍
ചിന്തകള്‍ കൊരുത്ത് കെട്ടി
പാഴ് ജന്മത്തിന്റെ കഥ പറഞ്ഞ്
ഇനി മടങ്ങാം നിഴലുകള്‍
ഉദിക്കാത്ത ലോകം തേടി

ഇനി യാത്രയാകാം......

Friday, February 8, 2013

അസ്തമിച്ച പകലിന്റെ കൂടു തേടി.....

ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ
കൂടു തേടി നമുക്കിനി നടക്കാം...
നാലുക്കെട്ടിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടാം
വയലേലകളുടെ പച്ചപ്പില്‍ മനം കൊരുക്കാം
കേരനിരകളുടെ ശീതളച്ഛായയില്‍ സല്ലപിക്കാം
കുളിരേകുന്ന തെന്നലിനൊപ്പം സവാരി ചെയ്യാം
പാഞ്ഞൊഴുകും നിളയുടെ തീരത്ത് ചെന്നിരിക്കാം
വര്‍ഷമെത്തുമ്പോള്‍ നടുമുറ്റത്ത് കടലാസ്സുതോണിയിറക്കാം
ആവണിയെത്തിടുമ്പോള്‍ നാട്ടുപ്പൂക്കളാല്‍ പൂക്കളമൊരുക്കാം
കൂട്ടരോടൊത്ത് മാവില്‍ താണചില്ലമേലിരുന്നു ആര്‍ത്തുരസിക്കാം
ഇന്നലെകളില്‍ അസ്തമിച്ച പകലിന്റെ കൂടു തേടി നമുക്കിനി നടക്കാം...

Wednesday, February 6, 2013

മൂകമായ് കേഴുന്നു ജനനി!!

മൂകമായ് കേഴുന്നു ജനനി
നാം അറിയാതെ കാണാതെ

മൂകമായ് കേഴുന്നു ജനനി!!

ദാഹനീരിനായ് പ്രാണവായുവിനായ്
ഒരിറ്റു മഴനീരില്‍ നീരാടിടാനായ്
നിശബ്ദയായ് തേങ്ങുന്നു ജനനി!!


ദുരമൂത്ത മര്‍ത്ത്യനവന്‍

ഘോരനഖരങ്ങളാല്‍
കാര്‍ന്നു ചൂഴ്ന്നെടുക്കവേ

മൂകമായ് തേങ്ങുന്നു ജനനി !!

വിട ചൊല്ലി പാടങ്ങള്‍
കൊറ്റികള്‍ തത്തകള്‍

വിട ചൊല്ലി ഇല്ലത്തിന്‍
പത്തായ ശേഖരങ്ങള്‍..


മണിസൌധം തേടി

മതികെട്ട മാനവന്‍ വെട്ടി
വീഴ്ത്തുന്നു വന്‍ മരങ്ങള്‍ ..


പോയ് മറയുന്നു തണലുകള്‍
മറയുന്നു കിളികുലജാലവും...

പൂഴി കൊണ്ടു താണ നിലം
നികത്തവേ  ഒടുങ്ങുന്നു 

കളകളം പാടികുളിരേകി 
പാഞ്ഞൊഴുകിയ നിള..

പുകതുപ്പി വേഗേന പായുന്ന
വാഹനത്തിലേറി പ്രയാണം
തുടരവേ കലരുന്നു വിഷപ്പുക
പകരുന്നൂ പ്രാണവായുവില്‍..

കാലം തെറ്റി പെയ്യുന്ന വര്‍ഷവും
കാലം തെറ്റി പൂക്കുന്ന കൊന്നയും
നിനയാതടുക്കും പ്രളയകെടുതിയും
വരള്‍ച്ചയും മാറാരോഗങ്ങളും
മാനവന്‍ തന്‍ സുഖഭോഗത്തിന്‍
പുനര്‍ജ്ജനി തന്നെയല്ലേ....

പാടങ്ങളെ തിരികെ വിളിച്ചിടാം

ജൈവവളമേകി ഫലം കൊയ്തിടാം..
മാലിന്യമൊഴുക്കിടാതെ
മണല്‍ മാന്തീടാതെയിനി
പുഴകളെ രക്ഷിച്ചിടാം...
തണല്‍ നീട്ടും മരങ്ങള്‍ നട്ടീടാം 

നല്‍ പ്രാണവായു ശ്വസിച്ചിടാം..

രക്ഷിച്ചിടാം നമുക്കി  ഭൂമാതാവിനെ!!
രക്ഷിച്ചിടാം വരും തലമുറകളെ!!




Tuesday, February 5, 2013

കാവ്യസരണിയില്‍.....

ഒറ്റപ്പെടുന്നവന്റെ നിശ്ശബ്ദ നിലവിളിയില്‍
മൌനത്തിന്റെ ഭീകര അലകളില്‍
മണ്ണിനെയുമ്മ വച്ചു മയങ്ങുന്ന ഇലകളില്‍
മറവിയുടെ മാറാല മൂടാത്ത ദിക്കുകളില്‍
ജനിമൃതികള്‍ക്കിടയിലെ പെരുവഴികളില്‍
തീപ്പക്ഷികള്‍ വട്ടമിട്ടു പറക്കുന്ന കിനാക്കളില്‍
അക്ഷരങ്ങള്‍ എന്നും കവിതയില്‍ അലിയുന്നു..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...