ഇനിയും പച്ചപ്പുമാറാത്ത ചില ഓര്‍മ്മകളുടെ വല കൊണ്ട് മനസ്സിനെ തളച്ചിട്ടിരിക്കയാണ് എപ്പോഴും..കരിമഷി പുരളാത്ത കണ്ണുകളില്‍ വിഹ്വലതയുടെ നേരിയ ഭയം നിഴലിക്കും പോലെ..ചിന്തകളില്‍ വേദനയുടെ വേലിയേറ്റവും..
പുഞ്ചിരിയോടെ കടന്നു വന്ന്‍ ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ സ്നേഹത്തോടെ കൈപിടിച്ച് ഒരു ഇഞ്ചക്ഷനും നല്‍കി നഴ്സ് തിരികെ നടന്നപ്പോള്‍ വേദനയില്‍ നിന്ന് മോചനം നേടാനാണ് ജനാലയിലൂടെ റോഡിലേക്ക് ശ്രദ്ധിച്ചത്.
അവിടെ എവിടെക്കോ ഓടിയോടി പാഞ്ഞു നടക്കുന്ന ആളുകളെ നോക്കിയിരുന്നപ്പോള്‍ മെല്ലെ മെല്ലെ മനസ്സ് മറ്റൊരു ലോകത്തേക്ക് പിന്തിരിഞ്ഞു നടക്കയായിരുന്നു..
ഒരിക്കല്‍ ഇതുപോലെ പാഞ്ഞു പോകുന്ന കൂട്ടത്തില്‍ ഒരാളായിരുന്നല്ലോ .ജോലി കിട്ടിയപ്പോള്‍ എന്തു സന്തോഷമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് പ്രാതലും ഉച്ചഭക്ഷണവും ഒരുക്കി പെട്ടെന്ന് ഒരുങ്ങീ ഒരോട്ടമായിരുന്നു ബസ് സ്റ്റോപ്പിലേക്ക് .
നഗര തിരക്കിലൂടെ ഓടി നടക്കുന്ന ഈ ആളുകളും അതു പോലെ തന്നെയാകുമോ? പ്രാരാബ്ദകെട്ടുകളെ അല്പം മറന്ന് സമയത്തിനു ഓഫീസിലെത്താന്‍ കഴിയുമോ എന്ന ഒറ്റ ചിന്തയുടെ ഊഞ്ഞാലായത്തില്‍ ആയിരിക്കുമോ ഇപ്പോള്‍ ഇവരുടെ മനസ്സും..
രേണുവിന്റെ ചിരിക്കുന്ന മുഖമാണപ്പോള്‍ മനസ്സിലെത്തിയത്..അവളുടെ അമ്മയാണവള്‍ക്ക് പാചകം ചെയ്ത് ഭക്ഷണം പാത്രത്തിലാക്കി കൊടുത്തു വിടുന്നത് .വീട്ടിലെ ഒരു ജോലിയും ചെയ്യാതിരുന്നിട്ടും രേണുവും ഓടി കിതച്ച് തന്നെയാണല്ലോ ബസ് സ്റ്റോപ്പിലെത്തുക.അമ്മ പൊതിക്കെട്ടി കൊടുക്കുന്ന ഉച്ചഭക്ഷണത്തിന്റെ രുചിയെ കുറിച്ച് അവള്‍ പലപ്പോഴും വാചാലയാകാറുണ്ട്. അപ്പോഴൊക്കെ അകാരണമായ ഒരു അസൂയ അവളോട് തോന്നിയിരുന്നു..
അവളിപ്പോള്‍ എന്തു ചെയ്യുകയാവും..വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതകാരിയായിരുന്നു രേണു..അവളുടെ സംസാരശൈലിയോടു തോന്നിയ ഇഷ്ടമായിരുന്നു അവളുടെ കൂട്ടുകാരിയാക്കി മാറ്റിയത്.ചെറിയ ഒരു മഴയില്‍ പോലും വീണു പോകാവുന്ന ഒരു കാട്ടുപുല്‍ച്ചെടിയായിരുന്നു രേണുവിനെ കണ്ടുമുട്ടും വരെ എന്നു വേണമെങ്കില്‍ പറയാം.
“ആളിക്കത്തുന്ന അഗ്നിയിലേക്ക് മനുഷ്യന്‍ കല്‍ക്കരി വാരിയിടുമ്പോള്‍ കൂടുതല്‍ വേഗതയില്‍ മുന്നോട്ടു പോകുന്ന തീവണ്ടിയെ നീ കണ്ടിട്ടില്ലേ , അതു പോലെ നിന്റെ മനസ്സിന്റെ സങ്കടങ്ങളെ പെരുപ്പിക്കുന്ന സങ്കടങ്ങള്‍ ഒന്നിനു പിറകെ വന്നു ചേരുമ്പോള്‍ തളര്‍ന്നു വീഴാതെ മുന്നോട്ടു തന്നെ പോകണം ,ലക്ഷ്യം കണ്ടെത്തണം.”
തളര്‍ന്നു പോകുന്ന പല ഘട്ടങ്ങളിലും അവളുടെ വാക്കുകളുടെ സാമിപ്യത്തിനു മനസ്സിനു ധൈര്യം തരാന്‍ സാധിച്ചിട്ടുണ്ട്.
പക്ഷേ,ഇപ്പോള്‍ അവള്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് നടുവില്‍ നിശ്ശബ്ദത ഭിത്തി കെട്ടിരിക്കുന്നതു പോലെ..
അന്ന് പതിവിലും നേരത്തെ ഓഫീസിലെത്തിയ ആശ്വാസമായിരുന്നു..
'ആഹാ !! ഗുഡ് മോര്‍ണിംഗ് ,എന്തേ പതിവില്ലാതെ രാവിലെ തന്നെ ?' രേണുവിന്റെ ചോദ്യം കേട്ടാണ് മുഖമുയര്‍ത്തി നോക്കിയത്.നീയും ഇന്ന് എന്തേ നേരത്തെ എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ്
‘ഹും! വേണ്ട മോളെ, ചോദ്യം ഒന്നും ഇങ്ങോട്ടു വേണ്ട അതെ, ഇന്നു വ്യാഴാഴ്ചയല്ലേ നമ്മടെ സ്വന്തം കൃഷ്ണന്‍ കുട്ടീനെ കാണുന്ന ദിവസം .അതിനാല്‍ മൂപ്പരെ ചെന്നു കണ്ട് ഒരു തൂളസി മാലയും വാങ്ങി ആ കഴുത്തിലണിയിച്ചിട്ടാ ഈ രേണു വരുന്നത്’ എന്ന് അവള്‍ പറഞ്ഞപ്പോള്‍ കൌതുകത്തോടെ അവളെ തന്നെ നോക്കിയിരുന്നു പോയി..
എപ്പോഴും അവള്‍ അങ്ങനെതന്നെയാണല്ലോ..മനസ്സ് വായിച്ചെടുക്കാന്‍ മിടുക്കി തന്നെയാണവള്‍...
പലപ്പോഴും മുഖഭാവത്തില്‍ നിന്നു തന്നെ മനസ്സ് രേണു വായിച്ചെടുക്കും.
ഇത്തിരി ചന്ദനം ഈ നെറ്റിയിലും കിടക്കട്ടെ എന്ന് പറഞ്ഞ് അവള്‍ ചന്ദനമിട്ടു തന്നപ്പോഴാണ് ഓര്‍ക്കാപ്പുറത്ത് അടുത്ത ചോദ്യം അവള്‍ തൊടുത്തു വിട്ടത്..‘എന്തേ,മുഖം വല്ലതെ ..വയായ്ക വല്ലതും '..
പെട്ടെന്ന് ഒന്നുമില്ലാന്ന് പറഞ്ഞൊഴിയാനാ തോന്നിയത്.
അവളുടെ വാക്കുകളില്‍ സ്നേഹമാണെങ്കിലും ആ ചോദ്യം കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്..
അവളുടെ വാക്കുകളില്‍ സ്നേഹമാണെങ്കിലും ആ ചോദ്യം കൂടുതല്‍ സങ്കടത്തിലാക്കുകയാണ് ചെയ്തത്..
കിട്ടിയ മറുപടിയില്‍ വിശ്വസിച്ചതു കൊണ്ടാകുമോ വീണ്ടും ജോലി ഭാരത്തെ കുറിച്ചും ഒരിക്കലും കൂട്ടി കിട്ടാത്ത ശമ്പളത്തെ കുറിച്ചും പിന്നെയും എന്തൊക്കെയോ രേണു പറഞ്ഞു കൊണ്ടിരുന്നത്...അവള്‍ പറയുന്നതൊന്നും ശ്രദ്ധിക്കാനുള്ള മനസ്സായിരുന്നില്ല അപ്പോള്‍..
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....
അതുകൊണ്ടു തന്നെയാണല്ലോ പ്രിയ സുഹൃത്തായിരുന്നിട്ടും രേണുവില്‍ നിന്നു പോലും അന്നത് മറച്ചു വച്ചത് എന്നിട്ടും.....
മനസ്സിലപ്പോഴും അലയടിച്ചു കൊണ്ടിരുന്നത് തന്നെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഒരു ദുരന്തത്തിന്റെ നിമിഷങ്ങളായിരുന്നു....ഇനി എത്ര നാള്‍ ഇങ്ങനെ... എന്ന ചിന്ത മാത്രമായിരുന്നു..വല്ലാത്ത ഒരു വിങ്ങലില്‍ കുടുങ്ങി പിടയുകായിരുന്നു അപ്പോള്‍ മനസ്സ്...
എപ്പോഴാണ് ഈ നാലു ചുമരുകള്‍ക്കുളളില്‍ എത്തപ്പെട്ടതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മ്മയില്‍ എത്തുന്നില്ല..
‘ഇനി പറയാന്‍ പോകുന്നത് മീര മനസ്സിരുത്തി കേള്‍ക്കണം. എത്രയും വേഗം ഒരു ഓപ്പറേഷന്‍ കൂടിയേ തീരൂ. ഒരു അത്ഭുതം സംഭവിക്കാം, ഇന്നത്തെ അവസ്ഥയില്‍ നിന്ന് മീരയ്ക്ക് ഓവര്‍കം ചെയ്യാന്‍ കഴിയും, അതിനു മീരയുടെ മനസ്സാന്നീധ്യമാണ് ആവശ്യം , എന്നാലേ മരുന്നുകള്‍ക്ക് ഗുണമുണ്ടാകൂ‘ എന്ന ഡോക്ടറുടെ ആമുഖം കേട്ടപ്പോള്‍ നില തെറ്റിയ ഒരു സങ്കടം മുന്നില്‍ കണ്ട് എന്തും സഹിക്കാനുള്ള ഒരു ഉള്‍ക്കരുത്ത് തേടുകയായിരുന്നു മനസ്സ്..
ചെയ്തു പോയ ഏതു അപരാധത്തിന്റെ നിഴലാകാം ഇപ്പോഴും പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി മനസ്സ് നടന്നകന്നു പോയ നാളുകളീലേക്ക് പലവട്ടം തിരിച്ചു പോയി..
പക്ഷേ, ഒറ്റപ്പെടലിന്റെ പല തുരുത്തുകളില്‍ പോലും പകച്ചു നിന്നതല്ലാതെ ആരോടും ഒരു വെറുപ്പിന്റെയോ ദേഷ്യത്തിന്റെയോ ശേഷിപ്പുകള്‍ ഒന്നും ഇന്നു വരെ മനസ്സില്‍ പറ്റി ചേര്‍ന്നതായി കണ്ടെത്താനായില്ല....
എല്ലാവരെയും ഒന്നും അറിയിക്കണ്ടാന്ന് കരുതി ഇത്ര നാള്‍ ഒളിപ്പിച്ച ഒരു സങ്കടം പെട്ടെന്ന് കടലായി വന്ന് കടപുഴക്കി കൊണ്ടു പോയ ദിനങ്ങളാണിത്,
എന്നിട്ടും കണ്ണുകളെ വിടര്‍ത്തി പിടിച്ച് കണ്ണുനീരൊളിപ്പിച്ചു മറ്റുള്ളവര്‍ക്ക് നേരെ പുഞ്ചിരി നല്‍കാന്‍ കഴിയുന്നൂ എന്ന് ഓര്‍ത്തപ്പോള്‍ വല്ലാത്ത ഒരാശ്വാസം തന്നെ, എന്നാലും ,കുറച്ചു നാളായി വേദന ഉരുകുന്ന മനസ്സില്‍ വളര്‍ന്നു വന്ന മൌനത്തെ തെറ്റിദ്ധരിച്ച ചില മുഖങ്ങള്‍ ഒരു വിങ്ങലായി നിറയാറുണ്ട് പലപ്പോഴും.
സൂചി മുനകള്‍ നല്‍കുന്ന മയക്കമാണ് ഓര്‍മ്മകളെ താഴിട്ട് പൂട്ടാന്‍ ഇന്നു സഹായവുമായെത്തുന്നത്.. എന്നിട്ടും, കണ്ണുകള്‍ അടയ്ക്കാന്‍ തീരെ കഴിയാത്തത് പോലെ..പീലികള്‍ക്കിടയില്‍ ഭാരം കണക്കെ കുറേയേറെ ഓര്‍മ്മകളെ തിരുകി വച്ചിരിക്കയല്ലേ..
തുന്നിക്കെട്ടിയ ഹൃദയധമനികളുമായി പിന്നിട്ട വഴികളിലൂടെ ഒരു മാനസ സഞ്ചാരം...
തുന്നിക്കെട്ടിയ ഹൃദയധമനികളുമായി പിന്നിട്ട വഴികളിലൂടെ ഒരു മാനസ സഞ്ചാരം...
അതും ഇനി എത്രനാള്‍ ..മെല്ലെ മെല്ലെ കണ്ണുകള്‍ അടഞ്ഞു പോകയാണ്...ദൈവമെഴുതിയ ഒരു കണ്ണീര്‍ത്തുള്ളിക്കഥയായി വീണ്ടും....