Sunday, January 22, 2023

മറവികള്‍ മുരളുമ്പോള്‍

ഓര്‍മ്മയാം താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍

തെളിയുന്നു നിന്‍ മുഖം 

വെണ്‍തിങ്കള്‍ പോലെ ..


കേള്‍ക്കുന്നു പഴയൊരു 

വാക്കിന്‍ ഇമ്പം..

 

കാണുന്നരികിലൊരു 

നോക്കിന്‍ മേളം ...


വേഗത്തിലോടും

ഋതുവിന്‍ ചാരെയൊരു 

ഇലതന്‍ നൊമ്പരം..

 

തായ്ത്തടിയറിയാതെ

വേരുകള്‍ പുണര്‍ന്നൊരു

കഥയൊന്നും പാടീല്ല

കാറ്റിന്‍ ഗീതങ്ങള്‍.. 


വെയിലുകളറിയാതെ 

മാരിയോടിണ ചേര്‍ന്ന

കഥയൊന്നും പറഞ്ഞി ല്ല 

തളിര്‍ച്ചില്ലകള്‍..


നിലാവെട്ടം നിവരുമ്പോള്‍ 

രാപ്പക്ഷി പാടുമ്പോള്‍, 

ചിരി തൂകി നില്‍ക്കുമൊരു 

 ഉഡുകന്യയായിടാനൊരു

ചിന്തതന്‍  തോണിയേറി

ഞാനേകയായി പോകവേ..

 

ഓര്‍മ്മ തന്‍ താളത്തില്‍ 

മറവികള്‍ മുരളുമ്പോള്‍ 

തെളിയുന്നു നിന്‍ മുഖം 

ഒരു വെണ്‍തിങ്കള്‍ പോലെ.... 

 







  


Saturday, January 21, 2023

ഇനിയീ പാതയില്‍ .....

ഭാണ്ഡങ്ങളോരോന്നഴിച്ചു നോക്കി 
കര്‍മ്മകാണ്ഡം മറികടക്കാന്‍ 
ഒരു പഴുതു നോക്കി...

ഇല്ലില്ലൊരു ചെറുപാതപോലും
വരഞ്ഞില്ല ഭാവാനിന്നു വരെ 

വേണ്ട, നീയിപ്പോഴെടുത്ത്
ചാടിടേണ്ടയെന്നാരോ
മനതാരില്‍ മൊഴിയവേ
 
നോവിന്‍  പെരുക്കങ്ങളില്‍  
തലചായ്ച്ചു ക്ഷീണമകറ്റിടാം

കണ്ണീരാവോളം മോന്തിയെന്നും  
കനല്‍ക്കാടിന്‍ ദാഹമകറ്റിടാം

പുഞ്ചിരിയാലൊരു ദീപവുമേന്തി
കര്‍മ്മങ്ങളെല്ലാം ചെയ്തുതീര്‍ത്തിടാം

Sunday, May 12, 2019

.......

മറവിയുടെ തീരങ്ങള്‍ക്ക് അന്യമായ
ഒരു ഓര്‍മ്മയുടെ മുറിപ്പാടിനാല്‍
നീയെന്നും എന്നില്‍ ഓര്‍മ്മിക്കപ്പെടും ...

Thursday, May 31, 2018

എന്‍റെ പെണ്ണേ......,


പെണ്ണേ ,
ഇത് ഇരുളാണ് ...
നിലാപുതപ്പും ചൂടി
ഈ ഇരുൾക്കാട്ടിലൂടെ
നിന്റെ കരം കോർത്ത്
എനിക്കേറെ ദൂരം
സഞ്ചരിക്കേണ്ടതുണ്ട്...

പെണ്ണേ ,
ഇത് പകൽ വെട്ടമാണ്
ഈ വെയിലിനിറയത്ത്
പൂത്തുമ്പികൾ
നൃത്തമാടുമ്പോൾ
വെയിലിനെ ഒരു കുളിരാക്കി
നിന്റെ നെറുകയിലേക്ക്
എനിക്ക് കോരിനിറയ്ക്കേണ്ടതുണ്ട്

പെണ്ണേ ,
ഇതാണ് അസ്തമയം....
ചെമന്നങ്ങനെ തുടുത്ത്
കൺകളിൽ കരിമഷി പടർത്തി
പകൽ യാത്രയാകുമ്പോൾ
സന്ധ്യയുടെ വിങ്ങലുകളിലേക്ക്
നിന്റെ മിഴികളെ എനിക്ക്
തുന്നിക്കെട്ടേണ്ടതുണ്ട് .

എന്റെ പെണ്ണെ ,
പുതുമഴപ്പെയ്ത്തിനോടിണച്ചേർന്ന്
പുതുനാമ്പുകൾ മിഴി തുറക്കുമ്പോൾ
ഒരു പെരുനുണയുടെ
കറുത്ത കുടമറയ്ക്കുള്ളിൽ
നിന്നെ തനിച്ചാക്കി ഞാൻ
കുളിരുകോരുമ്പോൾ,

ഞാൻ നിന്നെ
നീയറിയാതെ മെല്ലെ
അകലങ്ങളിലേക്ക്
മാറ്റി നടുമെന്ന്
നീയറിയുക

അന്ന് ,
ഒരു വേനലുരുക്കത്തിന്റെ
കണ്ണീർപെരുക്കത്തിൽ
നിന്നെ തുടിച്ചിടാതെ
സഹനത്തിന്റെ
ചില്ലകൾ വിടർത്തി
തണലിന്റെ
ഇലകൾ ചിരിപ്പിച്ച്
വീണ്ടും നിനക്കിവിടെ
വേരാഴ്ത്തിടാൻ
നീ പഠിക്കേണ്ടതുണ്ട് പെണ്ണേ ....




നീ മാത്രമാണെന്ന്......

ഒരു കടൽ കാണുമ്പോൾ
പലവഴി തിരിഞ്ഞലത്തെത്തിയ
നദികളുടെ ഒച്ചിഴച്ചിലിന്റെ
നൊമ്പരത്തെപ്പറ്റി
തിരകളോടു ചോദിക്കുക

ഒരു പൂമരം കാണുമ്പോൾ
മുറുകെപുണർന്ന്
പൂക്കളിറുത്തു വിതറുന്ന
തെന്നലിന്റെ
രഹസ്യമൊഴിയെന്തെന്ന്
മറ്റാരും കേൾക്കാതെ
നീ ഇലകളോടു ആരായുക .

ഒരു തൊട്ടാവാടിയെ
തൊടും മുന്നേ നീ
വർണങ്ങൾ തേടിപ്പോയ
ശലഭചിറകുകൾക്ക്
ഭാരമുണ്ടോന്ന്
കാട്ടുപ്പൂക്കളോടു
മറക്കാതെ ചോദിക്കുക

ഒരു കുയിലിന്
എതിർപ്പാട്ട് പാടുംമുമ്പ്
തേനുണ്ണാനെത്തിയ
കരിവണ്ടിന്റെ
മൂളിപ്പാട്ടുകൾക്കൊപ്പം
ഇതൾ പൊഴിച്ചതാരെന്ന്
നിന്നെ വന്നു പുണരുന്ന
വെയിൽനിഴലുകളോട്
അന്വേഷിക്കുക..

തിരകളും, ഇലകളും
കാട്ടുപ്പൂക്കളും,
ഇതളുമപ്പോൾ
നിന്നോടു പറയും
നോവും മൊഴിയും
വേവും നിഴലും
നീയാണെന്ന്
നീ മാത്രമാണെന്ന്.

നീ യാത്ര പോകും മുമ്പ്

എന്തെന്നുമേതെന്നും
വേരുകൾ ചികയാതെ
പൊട്ടിച്ചിരികൾ തേടി
നീ യാത്ര പോകും മുമ്പ് ,

കേൾവികളടഞ്ഞുപോയ
ഒരു ദിക്കിലേക്ക്
നീ കാതുകളെ
ചേർത്തു വയ്ക്കണം

കാഴ്ചകളിൽ തടഞ്ഞ
നേരിന്റെ വാതിൽപ്പടിയിലേക്ക്
കടന്നു കയറുന്ന
പൊള്ളവാക്കുകൾക്ക്
ഒരിക്കലും തുറക്കാനാവാത്ത
ഒരു ചിത്രപ്പൂട്ടും നീ ഒരുക്കണം

മനസ്സിനപ്പുറം
വാക്കുകൾക്കപ്പുറം
കഥകൾ നെയ്യുന്ന
ചിന്തകളിലേക്ക്
കണ്ണീരിന്റെ
ഒറ്റവല വിരിച്ച്
കാത്തുനിൽക്കുന്ന
ഒരു കഴുകൻകണ്ണിനെ
പേടിയിൽ കൊരുത്ത്
നീ ഒളിച്ചുവയ്ക്കണം...

വാക്കുകളുടെ
മായാജാലങ്ങളിൽ
സദാചാരത്തിന്റെ
മൂടുപടമിട്ട
കാപട്യത്തിൻറ
അകക്കണ്ണുകളെ
നീ തിരിച്ചറിയണം..

ഇതുവരെ തറഞ്ഞ
മുള്ളുനീറ്റലുകളെ
ഓർമ്മയിൽ
നുണഞ്ഞുനുണഞ്ഞ്
മെല്ലെ നീ പിന്തിരിയണം

അപ്പോൾ ..

മേഘശകലങ്ങളെ
തൊട്ടു നോക്കാനാഞ്ഞ
ഒരു പാവം പക്ഷി
വല്ലാതെ തളർന്ന്
ഭൂമിയിലേക്ക്
ചിറകു താഴ്ത്തി
പറന്നിറങ്ങുന്നുണ്ടാവും ...




Thursday, March 29, 2018

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ
മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല.
തളരുന്നു വരളുന്നു നീരുറവകളെങ്ങും
വേനലോ ചുറ്റിപ്പടർന്നിടുന്നു

ജീവന്റെ അമൃതാം നീരൂറ്റി മന്നൻ
അതിമോഹദാഹം കെടുത്തിടുമ്പോൾ
മറയുന്നു പുഴകൾ, തെറ്റുന്നു ഋതുക്കൾ
ഹരിതങ്ങളെല്ലാം സ്മൃതിയായിടുന്നു

നവസൗധങ്ങളെങ്ങുംഉയർന്നിടുമ്പോള്‍
നീരിന്നുറവയാം മലനിരകള്‍ മാഞ്ഞിടുന്നു
നന്നല്ല മാനുഷാ നീയിതു തുടര്‍ന്നെന്നാല്‍
നാളെകളെങ്ങനെ പൈദാഹമകറ്റിടും.

വെട്ടിയും മാന്തിയും നികത്തിയും നീ
നല്ല നനവുകളെയാകയും വറ്റിച്ചിടുന്നു
വരള്‍ച്ചകള്‍ ചുറ്റിലുംതാണ്ഡവമാടുമ്പോള്‍
നീരിന്‍റെ മൂല്യം നീയറിയാത്തതെന്തേ.

ഓർക്കുക മര്‍ത്ത്യാ ,കാലമെത്രയാകിലും
ശാസ്ത്രത്തില്‍ നീയെത്ര മുന്നേറിലും
എന്തിനുമേതിനും തെളിനീരില്ലാതെ
താണ്ടുവതെങ്ങനെ നല്ല നാളെകൾ നീ.

മരങ്ങൾ നടാതെ കരുതലുകളില്ലാതെ
നഗ്നയാക്കുന്നതെന്തേ നീയീ ഭൂമിയെ
‍പ്രാണനു ജീവനമേകുവാനെപ്പോഴും 
അമൃതാണീ ജലമെന്നോര്‍ക്കണം നീ..



ബാക്കി വച്ച വാക്കിനോരത്ത്

കനവുകളിലൊരു
ഊഞ്ഞാലു കെട്ടിടാൻ
നിൻ മിഴിക്കോണിലെ
നോട്ടം ഞാനിറുത്തെടുത്തു

രാവറിഞ്ഞില്ല
രാക്കിളികളറിഞ്ഞില്ല
നിലാത്തുണ്ടു നിരന്നൊരാ നേരത്ത്

രാക്കാറ്റു മാത്രം
രാപ്പൂവിന്‍ കാതിലെന്തോ
മൊഴിഞ്ഞു മെല്ലെ..

ബാക്കി വച്ചൊരാ
വാക്കിന്റെയരികത്ത്
തുന്നിപ്പിടിപ്പിച്ച
പുഞ്ചിരിയലുക്കുകൾ
ഒരു വേള കാണാതെ,
നൽകാതെ നീ എങ്ങു പോയ്...




പുനർജനിയിൽ


വായിക്കപ്പെടാതെ
മാറ്റിവയ്ക്കപ്പെടുന്ന
സ്വപ്നങ്ങളിലേക്ക്
എനിക്കൊരു
മഴയായി
പെയ്തിറങ്ങണം.
പൊള്ളാതെ
പൊള്ളിക്കുന്ന
വെയിലേറ്റങ്ങളെല്ലാം
തന്നിലേക്കാവാഹിച്ച്
പുഞ്ചിരിച്ച്
ഒന്നുമറിയാത്തതുപോൽ
തലയാട്ടുന്ന
ദലങ്ങളിലേക്ക്
ഒരു മർമ്മരത്തിന്റെ
നനവായി ഒട്ടിച്ചേരണം.
ശലഭങ്ങൾ
വിരുന്നു വരാത്ത
കാട്ടുപൂവിന്റെ
നൊമ്പരത്തിലേക്ക്
ഒരു മഞ്ഞിൻ കുളിരായ്
ചേർന്നു കിടക്കണം.
വരളുന്ന മണ്ണിന്റെ
ഗർഭങ്ങളിൽ
കെട്ടിപ്പുണർന്നു കിടക്കുന്ന
വേരുകളിലേക്ക്
നീരായി
ഇറങ്ങിച്ചെല്ലണം.
മാറ്റിവരയാനാവാത്ത
മഴവില്ലിൻ
ചിറകിനഴകിലേക്ക്
വേർതിരിക്കാനാവാത്ത
ഒരു നിറമായി
ചേർന്നലിഞ്ഞ്
വീണ്ടും മറയണം.

ഇത് വെറും കാട്ടുപൂവ്

എന്നെ
ഓർക്കുമ്പോൾ
തിരക്കുകൾ മാറ്റിവച്ച്
നീയൊരു കടൽത്തീരത്തേക്ക്
ചെല്ലുക ,

എത്ര പ്രക്ഷുബ്ധമെങ്കിലും
നിന്റെ കാൽപാദങ്ങളെ തഴുകാൻ
പൊട്ടിച്ചിരിച്ച്
ഓടിയെത്തുന്നുണ്ടാകും
തിരമാലകൾ ,

പിന്തിരിയരുത്......മെല്ലെ ,
നിന്റെ കൈക്കുമ്പിളിൽ
ആ തിരമാലകളെ നീ
കോരിനിറയ്ക്കുക...

എന്നോടു സംസാരിക്കണമെന്ന്
നിന്റെ മനസ്സു തുടിക്കുമ്പോൾ,
നീയൊരു പുല്ലാങ്കുഴൽ വാങ്ങുക..

മേലാകെ നോവുതുളകളുണ്ടെങ്കിലും
നിന്റെ അധരസ്പർശത്താലത്
ഉതിർക്കുന്ന മധുരഗാനത്തിന്റെ
ആഴങ്ങളിലേക്ക് ,
നീ നിന്റെ കാതുകളെ
ഇത്തിരി നേരമെങ്കിലും
തുറന്നുവയ്ക്കുക ..

നീയെന്നെ മറക്കാൻ
ആഗ്രഹിക്കുമ്പോൾ,
രാവു വിഴുങ്ങിയ
ആകാശക്കീറിന്റെ
അരികിലേക്ക്
നിന്റെ നോട്ടമെത്തിക്കുക..

എത്ര ദൂരത്താകിലും,
എത്ര ഉരുകിപിടഞ്ഞാലും,
നിന്റെ കാഴ്ചകളുടെ
ഉള്ളനക്കങ്ങളിലേക്കെത്താൻ
മിന്നിത്തെളിയുന്ന
ഒരു നക്ഷത്രത്തെ
നിനക്കു കാണാനാകും .

ഇത് വെറുമൊരു
കാട്ടുപൂവിൻ മർമ്മരങ്ങൾ ,
നിന്റെ നോട്ടമെത്താത്ത
ഒരു മനസ്സിലെന്നും
വിടരുന്ന ഒരു കാട്ടുപൂവിൻ
വെറും ജല്പനങ്ങൾ......

Tuesday, February 13, 2018

വരും കാലമേ.........



വരും കാലമേ ,
നീയെനിക്കി
കൈക്കുമ്പിൾ നിറയെ
തെളിവുള്ള
നിറങ്ങൾ തരിക...

മനസ്സില്‍ പടരുന്ന 
കരിമുകിൽച്ചീളുകള്‍ 
വകഞ്ഞുമാറ്റി
വെയിൽനേരത്തിന്റെ
തുടുപ്പുപോലെ
ഇഷ്ടത്തിന്റെ
നേരുകൾ നിറയ്ക്കുക.

മിഴികളിൽ
നഷ്ടങ്ങളിഴയുന്ന
ഇന്നുകളെ
മായ്ച്ച് കളഞ്ഞ്
വറ്റാത്ത കാഴ്ചകളുടെ
മാധുര്യം പങ്കിടുന്ന
നാളെകളെ
തുന്നിച്ചേര്‍ക്കുക .. 

അധരങ്ങളിൽ
ഇരച്ചെത്തുന്ന
വിതുമ്പലുകളെയെല്ലാം
അടക്കിയൊതുക്കി
വാചാലതയുടെ
മേമ്പൊടികൾ
ചാലിക്കുന്നതിനായി
പുഞ്ചിരികൾ നൽകുക

കവിളുകളിൽ
കണ്ണീർ കുടഞ്ഞിട്ട
ഉപ്പുരസച്ചാലുകളിലേക്ക്
വറ്റാത്ത നിറവുകളുടെ
ഉമ്മകളെ നിറയ്ക്കുക...

ഒടുവിൽ
ചേർന്നലിയാൻ
ചേർന്നുയരാൻ
ഒരു മാവിൻ ചില്ലയുടെ
ഇടയിലേക്ക് തിരുകുന്ന
ചന്ദനമുട്ടിയുടെ 
ഇന്ധനത്തിൽ
വേവു നോക്കി 
പാകമാക്കി
കാലമേ ,നീയെന്നെ
മഴമേഘങ്ങൾ 
പൊഴിയണനേരം
ഒളിഞ്ഞു നിൽക്കുന്ന
വാനിലെ 
നക്ഷത്രമായി മാറ്റുക...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...