Tuesday, May 4, 2010

വിധി....

ആത്മാവിനെ മരണത്തിന്‍
കുപ്പായത്തില്‍ ഒളിപ്പിച്ച്
ജീവിതം നീങ്ങുന്നു
പൊട്ടിക്കരയുന്നു

പിന്‍വിളിക്കു കാതോര്‍ക്കാത്ത
കാലമോ ജീവശവങ്ങളാം
രാപകലുകളെ പിച്ചിച്ചീന്തി
വീണ്ടും കുതിക്കുന്നു

സൌഹൃദ സഹോദര ഭാഷയാം
സ്വരവ്യഞ്ജനാദികളെയോ
നിരര്‍ത്ഥകമായി സന്ധി ചെയ്ത
വ്യാകരണം തെറ്റിദ്ധരിക്കുന്നു

നഷ്ടങ്ങള്‍ കോറിയിടുന്നവരുടെ
വിഴുപ്പു ഭാണ്ഡമാം വാക്കുകളോ
അളന്നു കുറിക്കുന്നു ഇന്നെന്‍
ജീവന്റെ താപനില

ഇടറിയൊരെന്‍ ശ്വാസോച്ഛാസ
ഗ്രാഫില്‍ തെളിഞ്ഞതോ
ഹൃദയത്തിന്‍ ഭൂമിശാസ്ത്രം

കാലപഥം ഞാന്‍ പിന്നിടവേ
കാലില്‍ തറയ്ക്കുന്നതോ
സൌഹൃദസ്നേഹാക്ഷരങ്ങള്‍
വേദനയെന്ന തിരിച്ചറിവ്

പതിയിരിക്കുമാ മരണത്തിന്‍
വിജയ ധ്വജമാകാന്‍ കഴിയുമോ
ദിക്കുകള്‍ തന്‍ പ്രതിധ്വനികള്‍
എന്നോടാരായുന്നു

മൃത്യുവിന്‍ വാമൊഴികള്‍
നിദ്രയൊഴിഞ്ഞ രാവുകള്‍
നക്ഷത്രമണിയാത്ത വാനം
ഇവ മുദ്രാവാക്യങ്ങളുയര്‍ത്തുന്നു

കാലഭേദങ്ങളോ
നഷ്ടപ്പെടാനേതുമില്ലാതെ
നേടിയെടുക്കുവാനേതുമില്ലാതെ
നാളെയുടെ ദാരിദ്ര്യത്തിലേക്ക്
തെന്നി തെറിച്ചു വീഴുന്നു

വാക്കിന്‍ ഭാഷയുടെ
മനസ്സിന്‍ കവിതയുടെ
കണ്ണീര്‍ച്ചാലുകളിവിടെ
ഗതാനുഗതികത്വത്തിന്‍
പാളം തെറ്റി മറിയുന്നു

സമഭാവനയുടെ
സമവാക്യങ്ങളേതുമില്ലാത്ത
ദൂഷിത വര്‍ത്തമാനത്തിലിതാ
ഞാന്‍ വീണ്ടും

ദുരന്തത്തിന്‍ ഇടിമുഴക്കങ്ങള്‍
ഏറ്റുവാങ്ങുന്നു വീണ്ടും..

വിധിയോടൊപ്പം
വീണ്ടും
ദുരന്തത്തിന്‍ ഇടുമുഴക്കങ്ങള്‍
ഏറ്റുവാങ്ങുന്നു........

1 comment:

Unknown said...

ദുരന്തത്തിൻ ഇടിമുഴക്കങ്ങൾ
ഏറ്റുവാങ്ങുവാന്‍ ..... ജീവിതം വീണ്ടും. വീണ്ടും .

വിധിയോടൊപ്പം വിളിപാടില്‍ വന്നു നിക്കുന്നു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...