പുറത്തു നല്ല ഇരുട്ടായിരുന്നു...
അക്ഷരങ്ങളെ തേടുന്ന മനസു പോലെ
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നുണ്ടായിരുന്നു .
പലതതവണ താക്കീത് നല്‍കിയതാണ്
കൈത്തുമ്പില്‍ നിന്നൂര്‍ന്ന് പോയ പട്ടം പോല്‍
നീയും ദിശറിയാതെ എങ്ങോ പോയി ഒടുങ്ങുമെന്ന്
വ്യര്‍ത്ഥമാണീ യാത്രയെന്ന്...
എങ്കിലും,
സ്വകാര്യം പറഞ്ഞെത്തിയ ചാറ്റല്‍മഴയ്ക്കൊപ്പം
വിസ്മയം കാട്ടിയ മേഘനാദത്തോടൊപ്പം
വിരുന്നെത്തിയ രാപ്പാടിപ്പാട്ടിനൊപ്പം
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ
അവള്‍ എന്നെ വിട്ടു ഇറങ്ങി പോയി
നിശ്ശബ്ദതയില്‍ അവളുടെ പദനിസ്വനം
അലിഞ്ഞലിഞ്ഞ് അവളെനിക്ക് അന്യയായി...
എന്നാല്‍...
നിങ്ങള്‍ക്കു ചിലപ്പോള്‍ അവളെ കാണാം
ഒരു വടക്കന്‍ കാറ്റ് വീശിയെത്തുമ്പോള്‍
ഓര്‍മ്മകളുടെ ചിലന്തി അവളില്‍ വല നെയ്യുമ്പോള്‍
വേദനയുടെ മാരിയില്‍ അവള്‍ മുങ്ങിനിവരുമ്പോള്‍
ഒരു മൌനത്തിന്റെ മേലാപ്പു മാറ്റി
അവളിതു വഴി വരാം....
എന്റെ സ്വപ്നം....അവളിതു വഴി വന്നേക്കാം
ഒരൊച്ചയുമില്ലാതെ തനിയ്ക്കു തന്നെ കാതോര്‍ത്തു
നിങ്ങളിരിക്കുമ്പോള്‍......