Friday, February 27, 2015

കുഞ്ഞികവിതകള്‍ ....

ഞാൻ 

വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍ 
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ 
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍ 
കരിമഷി പടര്‍ന്നൊരു മിഴികളെ....


നാളെകള്‍


നോക്കൂ, നമ്മെ നോക്കി 

കാത്തു നില്‍ക്കയാണങ്ങനെ 
ദിനങ്ങളോരോന്നും.. 
മിന്നിമിന്നി മരിക്കുന്ന 
നക്ഷത്രങ്ങളെ പോലുള്ള 
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..

നിന്നിലലിയാന്‍

നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ 
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു 
കാവ്യവസന്തത്തിന്‍റെ വഴിത്താരകളില്‍ 
തണലായ്‌ നിഴലായ്‌ തലോടലായ് 
ഞാനൊരു വാകമരം നട്ടത് .

ഇരുളിനൊളിവില്‍

പാതി ചാരിയ വാതില്‍പ്പാളിയില്‍ 
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ 
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു

Tuesday, February 17, 2015

മൂന്നു കവിതകള്‍

ഞാന്‍
----------
കളിയുണ്ട് ചിരിയുണ്ട്
കളിവാക്കുകളുണ്ട്
കാണാക്കടവിലെ
കനവിന്‍റെ മുറ്റത്ത്
കണ്ണീര്‍ച്ചാലുകളേറെയുണ്ട്...

നമ്മില്‍ 
--------------


നിന്നിലുമെന്നിലും

ഒരു നുണയുണ്ട്‌

പ്രതീക്ഷയെന്ന നുണ

നിന്നിലെ ഞാന്‍ 
-------------------------
ഒരു നേരായ് 
നീയെന്നില്‍ നിറയുമ്പോള്‍ 
ഒരു നോവായ്‌ 
എന്നെ ഞാന്‍ അറിയുന്നു.....

വേര്‍പാടിന്‍റെ തീരങ്ങളില്‍

ആരും കാണാതെ
വേരടരുകള്‍ മുറുകെ
കെട്ടിപിടിച്ചിരുന്നിട്ടും
ഇല കൊഴിയുന്നതു കണ്ട്
ഓര്‍മ്മഭാരങ്ങളില്ലാത്ത കാറ്റ് 
പൊട്ടിച്ചിരിച്ചിരിക്കാം

ചിന്തകളുടെ ചുഴികളില്‍പ്പെട്ട്
ആഴ്ന്നു പോയ മുഖങ്ങള്‍ക്ക്
ഓര്‍മ്മ പിടച്ചിലുകളുടെ
ഇടവേളകള്‍
മൌനത്തിന്‍റെ ഇലച്ചീന്തില്‍
ബലി നല്‍കിയിരിക്കാം

അല്പായുസ്സിന്‍റെ യാത്രയില്‍
ഒരു മഴത്തുള്ളിയായ്
ഒരു കുളിരായ്
പിടഞ്ഞു വീഴാന്‍
മേഘരൂപങ്ങളിലൊളിച്ച്
ശബ്ദങ്ങളില്ലാതെ
ഒരു പുഴ കാത്തിരിക്കുന്നുണ്ടാവാം

ബോണ്‍ സായികള്‍ ...

നുള്ളിയെറിഞ്ഞവന്‍റെ
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍
പാവമാ, കുഞ്ഞു വൃക്ഷം
ഒരു മാത്രയെങ്കിലും
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലൊരു
പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന്,
ഒരു പദയാത്രികന്,
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍
ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍
നിന്നടര്‍ന്നു മാറാന്‍,
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍,
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍
കലമ്പുന്ന രോഷങ്ങളില്‍
ഏറെ കൊതിയോടെ
കാത്തു വയ്ക്കുന്നുണ്ടാവാം
നിലാവല തന്‍ തഴുകലില്‍
നിഴല്‍ ചുറ്റി നില്‍ക്കും
ഒരു വന്മര ചിത്രം ......

Wednesday, January 28, 2015

യാത്രകളില്‍ ഒറ്റപ്പെടുമ്പോള്‍.....

ഒരു യാത്രയെ കുറിച്ച്
അയാള്‍ ആദ്യമായി ചിന്തിച്ചത്
പ്രാരാബ്ദങ്ങളുടെ
ഉച്ച നേരത്തായിരുന്നു


പകലിനെ പോലെ
ഏറെ തിരക്കായിരുന്നു
പിന്നെയുള്ള ചിന്തകള്‍ക്ക്

വാത്സല്യം ചുരത്തിയ
അമ്മ മനസ്സ് തുലാതോര്‍ച്ചയെ
തോല്‍പ്പിക്കുന്നത് കാണാന്‍
ഇനി കാരണമാകരുതല്ലോ.

പ്രണയം ചോര്‍ത്തിയെടുത്ത
കാത്തിരിപ്പിന്‍റെ ചാലുകളിലേക്ക്‌
മൌനം ഒരുക്കുന്ന കാലവര്‍ഷത്തിന്‍റെ
തീരാപ്പക കടമെടുക്കണം

ചിന്തകളുടെ വേവുകളില്‍
പാകപ്പെടുത്തിയെടുത്ത
പൊള്ളുന്ന ഒരു ദിനത്തിന്‍റെ
സായന്തനമായിരുന്നു അന്ന്

പടിയിറക്കത്തിന്‍റെയേതോ
ഇടുങ്ങിയ നിമിഷത്തില്‍
കൊരുത്തു വലിച്ച ഒരു നോട്ടത്തിന്‍റെ
ഇഷ്ട വല ഭേദിച്ച്

വീട്ടാക്കടങ്ങളും കിട്ടാക്കടങ്ങളും
കൊമ്പു കോര്‍ക്കാത്ത നടവഴിയിലൂടെ
വിഴുങ്ങപ്പെടാത്ത ഒരു ഗദ്ഗദം
ഉള്ളിലടക്കി അയാള്‍ യാത്രയായി ....

Sunday, January 25, 2015

ഇനി എനിയ്ക്കായ്‌ പറഞ്ഞു വയ്ക്കട്ടെ ഞാനും ......



കണ്ണുകള്‍ വേണമെനിക്ക്      
ഓര്‍മ്മകളിലലിയുമ്പോള്‍  
വിതുമ്പി തുളുമ്പിടാത്ത 
തിളക്കമേറും കണ്ണുകള്‍!

ഇഷ്ടനഷ്ടങ്ങളിലെന്നും  
നിറനിലാവു പോല്‍  
പുഞ്ചിരി കൊളുത്തുന്ന
കരളുറപ്പു വേണമെനിക്ക്   
ചിന്തകളില്‍ വെന്തുരുകാതെ
മുന്നില്‍ കാത്തു നില്‍ക്കും 
നാളെകള്‍ക്ക് കൂട്ടിരുത്തുവാന്‍
വേണമെനിക്ക്  കനവുകള്‍ !!

വിരല്‍ത്തുമ്പുപേക്ഷിക്കു-
മെന്നറിഞ്ഞിട്ടും മാനം തേടും  
കടലാസ്സു പട്ടം പോല്‍
നിറമാര്‍ന്ന കനവുകള്‍ കാണാന്‍ 
ഉള്‍ക്കണ്ണു വേണമെനിക്ക്
വാക്കുകള്‍ക്കുള്ളിലൊളിച്ചിരിക്കും
വഴുക്കലുകളില്‍ വീണു നിലതെറ്റിടാതെ  
കാതങ്ങള്‍  കാണുവാന്‍  
തീ പോല്‍ ജ്വലിക്കും
ഉള്‍ക്കണ്ണുകള്‍ !!
   
കാലത്തിനു 
ചിറകുമുളയ്ക്കുന്ന വേളയില്‍
മറവികള്‍ക്ക് വായ്ക്കരിയൂട്ടുവാന്‍
ഇഷ്ടനിമിഷത്തിന്‍റെ ഇത്തിരി വറ്റൊന്നു
കരുതി  വച്ചീടെണമെനിക്ക്....


Wednesday, January 21, 2015

സനാഥന്‍റെ അനാഥ മരണം ....

മരണം കുറുകിയ
നേരത്ത്
തണുപ്പിന്‍റെ
പുതപ്പു മൂടി
അപരിചിതങ്ങളിലെക്ക് 
അയാള്‍ മടങ്ങുകയായി
പരിചിത വഴികള്‍
നഷ്ടപ്പെടും മുമ്പ്
ഒരിക്കല്‍ കൂടി
ഓര്‍മ്മയുടെ
അടയ്ക്കുകയും
തുറക്കുകയും
ചെയ്യുന്ന
വാതില്‍പ്പടിയില്‍
കാത്തുനിന്നിട്ടുണ്ടാവും

അരുമ കൈകളാല്‍
അനാഥത്വത്തിന്‍റെ
കൂരയിലേക്ക്
നട തള്ളിയ
ദിനത്തിന്‍റെ
ദൈന്യതയില്‍
ഒരു വേള
നൊമ്പര
പെരുക്കങ്ങളിപ്പെട്ട്
തേങ്ങികരഞ്ഞിട്ടുണ്ടാവും

ജീര്‍ണ്ണിച്ചു പോയ
ബന്ധങ്ങള്‍
പട്ടിന്‍റെയും
പൂക്കളുടെയും
കിട്ടാക്കടങ്ങളുമായി
ചുറ്റുമെത്തിയപ്പോള്‍
സനാഥത്വത്തിന്‍റെ
ഉള്‍ച്ചൂടില്‍
തീ നിറമാര്‍ന്ന്‍
ഉയര്‍ന്നുയര്‍ന്നു
ഒരു ശലഭമായ്
അപരിചിത
വഴികളിലേക്ക്
അയാള്‍ പറന്നു പോയി..

Tuesday, January 20, 2015

യാത്രകള്‍ക്കെന്നും ............

യാത്രകള്‍ക്ക് 
അകം നിറയ്ക്കുന്ന 
തിടുക്കമുണ്ട് 
കാഴ്ച നിറയ്ക്കുന്ന 
കരുതലും

വെയില്‍ തിന്ന
വളവുകളും
തിരിവുകളും
തണല്‍ തേടാതെ
വിയര്‍ത്തും കിതച്ചും
കാത്തു നില്‍ക്കും

മുറിവുകളേയും
പിടച്ചിലുകളെയും
പൊതിഞ്ഞെടുക്കാന്‍
പാകത്തില്‍
ഒരു നോട്ടത്തിന്‍റെ
ദൂരമളന്ന്
കുണ്ടും കുഴിയും
ഒളിച്ചിരിക്കും

വഴിത്തിരഞ്ഞും
നേര്‍വഴി കണ്ടും
തിരക്കിന്‍റെ ദാഹം
ഊറ്റി കുടിച്ചും
പടി കടന്നെത്തുമ്പോള്‍

യാത്രകള്‍ക്കെന്നും
അകം നിറയ്ക്കുന്ന
തിടുക്കമുണ്ടാകും
കാഴ്ച നിറയ്ക്കുന്ന
കരുതലും

Sunday, January 18, 2015

കേരളം ഓടുന്നു

കേരളം ഓടുന്നു
കേള്‍ക്കാനേറെ സുഖം
എവിടേക്ക് ....
എന്തിനായി......

മകളെ ലാളിക്കാനാവാത്ത
അമ്മയെ ആദരിക്കാനാവാത്ത
സഹോദരിയെ സംരക്ഷിക്കാനാവാത്ത
കാമഭ്രാന്തന്മാരെ കൊന്നൊടുക്കാത്ത
അഴിമതിക്കാരെ അഴിയിലാക്കാത്ത
കേരളം ഓടുന്നു പോലും.....
എവിടേക്ക് ....
എന്തിനായി......

മലിനജലമൊഴുകുന്ന പാതയിലൂടെ
ദുര്‍ഗന്ധം വമിക്കുന്ന കാറ്റേറ്റ്
മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടു കണ്ട്
മരിച്ചു കിടക്കുന്ന മരങ്ങള്‍ക്കരികിലൂടെ
തെരുവ് നായകള്‍ക്കിടയിലൂടെ
വിശപ്പിന്‍റെ വിളികള്‍ മുഴങ്ങുന്ന
കുടിലൊച്ചകള്‍ കാതോര്‍ക്കാതെ
കുണ്ടും കുഴിയും ചവിട്ടി കടന്ന്
കേരളം ഓടുന്നു പോലും ....
എവിടേക്ക് ....
എന്തിനായി...







Friday, January 16, 2015

എന്നിലെ .....

മൌനം... 
നിനയാത്ത നേരത്ത് അനുവാദമില്ലാതെ 
മനം മുറിഞ്ഞ് നിറയുന്ന ഓര്‍മ്മകള്‍ 

നഷ്ടം ....
പിണങ്ങി വീണ കരിയിലകള്‍ക്കൊപ്പം 

മണ്ണടിഞ്ഞു പോയ കുറുമ്പുകള്‍ 
പൂത്തു നിന്ന കാലം  ..

ഇഷ്ടം ...
ഒറ്റ ചുംബനത്താല്‍ 
ഭൂമിയെ ചുട്ടുപൊള്ളിക്കുന്ന 
സൂര്യന്‍റെ വെയില്‍ നിഴലുകള്‍ ..

വാക്ക് ....
പിറുപിറുക്കുന്ന ചിന്തകളുടെ
ചോദ്യങ്ങള്‍ തേടുന്ന ഉത്തരങ്ങള്‍ ..

സ്വപ്നം ...
പകലിന്‍റെ ഒഴുക്കിലേക്ക് 
ചിറകറ്റു വീണ പക്ഷിയുടെ 
മനസ്സ് തേടുന്ന നീലാകാശം ...

ഞാന്‍ ...
സമയത്തിന്‍റെ തെളിയാത്ത ഭാഷയില്‍ 
എഴുതി ചേര്‍ത്ത വര്‍ത്തമാനത്തിന്‍റെ
കണക്കു പുസ്തകം ...

ഞാനും നീയും ....
ഒറ്റപ്പെട്ടവന്‍റെ പുഞ്ചിരി പോലെ 
ഉള്ളുരുകി വീഴുമ്പോഴും 
ചുറ്റും ഇത്തിരി പ്രകാശം വിതറി 
കാലത്തിന്‍റെ മറവിയിലേക്ക് നടക്കുന്നവര്‍ ...





Tuesday, January 6, 2015

ഒരു മിന്നാമിന്നി ചിത്രം

മായാത്ത ചിത്രങ്ങള്‍ക്കിനി വെള്ള പൂശണം
തെളിയാത്ത പാതകള്‍ക്ക് ഉള്‍ക്കണ്ണിനാല്‍ കാഴ്ചയും
മുഖത്ത് വിരിയുന്ന പുഞ്ചിരിയെ
വിരിയാതെ കൊഴിയുന്ന പൂക്കളായും
നിദ്രയില്‍ പൂക്കുന്ന കിനാക്കളെ
ഇലയനക്കത്തില്‍ ഉണരുന്ന നിഴലുകളായും
ഇനി ദൂരത്ത്‌ ഉപേക്ഷിക്കണം ...
ഓര്‍മ്മവട്ടങ്ങളില്‍ പുകഞ്ഞ് ഒടുങ്ങുന്ന
കിനാവുകളുടെ ചാമ്പലുകളില്‍
നിറം ചേര്‍ത്ത് ഒരു ചിത്രം വരയണം
ഇത്തിരി കൈവെട്ടവുമായി
ഇരുളിന്‍റെ മാറത്ത് പറ്റിച്ചേര്‍ന്നു
പാറി പാറി പറന്നു പോകുന്ന
ഒരു മിന്നാമിന്നി ചിത്രം ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...