Thursday, August 27, 2015

തോണിക്കാരന്‍ .....




നനഞ്ഞിട്ടും
ഒട്ടും നനയാതെ
പുഞ്ചിരികള്‍
നട്ടു നനച്ചൊരാള്‍

ദാരിദ്ര്യം നീറ്റുന്ന
കിനാവ്രണങ്ങളിലേക്ക്
നേര്‍ത്ത വിളികള്‍
കാത്തു കാത്ത്

വെയിലേറ്റങ്ങളെ
ഒന്നൊന്നായ്
തോളിലേറ്റി

കരുതലായൊരു
തോണിയും
കാവലായൊരു
തുഴയും
കാത്തു വച്ചൊരാള്‍

ഒറ്റ തുഴയുടെ
സ്പന്ദനങ്ങളില്‍
എന്നെന്നും
വിശപ്പിന്‍റെ ആഴം
കാക്കുന്ന കയങ്ങള്‍,
തുള്ളിക്കളിക്കുന്ന
കുഞ്ഞു മത്സ്യങ്ങള്‍,

എന്നാലും ,

കറപുരണ്ട
കറുത്ത ചുണ്ടില്‍
ചിരി പടര്‍ത്തി
വിധിയുടെ
കൊടുംകാറ്റില്‍
ആടിയുലഞ്ഞ്
കരുതലുകള്‍
കാത്തുകാത്തു വച്ച്
അയാള്‍ പോകയാണ്
തോണിക്കാരന്‍!!!

കുട





കുടയൊന്നു വാങ്ങണം
കൂട്ടിനായ് കരുതണം

കരിമേഘമൊന്നിങ്ങു
കൂടെ പോന്നെങ്കിലോ

കടും വെയില്‍ നീളെ
കാത്തു നിന്നീടിലോ

കരുതലായ്‌ തണലായാ
കുടയൊന്നു നിവര്‍ത്തണം

കാത്തിടുക.....

കനവിലെഴുതുന്ന വാക്കല്ല 
കരളുടക്കുന്ന പൊരുളാണ് 
കരം കോര്‍ത്തു പോകെ നീ 
കാതരമായ് കാത്തിടേണ്ടത്...

എഴുതാന്‍ വേണ്ടി ......

എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും

എന്നിട്ടും,


കാടു കയറാത്ത
ഓര്‍മ്മകളുടെ
നോവിറ്റിച്ച നിസ്സംഗതകള്‍

ശൂന്യത
തിന്നു മടുത്ത
ചിന്തകളുടെ വേരാഴങ്ങള്‍

നിശ്ശബ്ദതകള്‍
കൈകോര്‍ത്ത് നടക്കുന്ന
നിമിഷങ്ങളുടെ ഒച്ചിഴച്ചിലുകള്‍

ഉല്‍ക്കട ക്ഷോഭങ്ങളുടെ
സുനാമി തിര
ബാക്കി വച്ച
കണ്ണീര്‍ത്തിളക്കങ്ങള്‍

എഴുതി മായ്ച്ചും
വായിച്ചു മറന്നും
കണ്ടു കേട്ടും
അറിഞ്ഞുമറിയാതെയും
പരസ്പരം കലഹിക്കുമ്പോള്‍

എഴുതാന്‍ വേണ്ടി
എഴുതിയതായിരുന്നില്ല
പറയാന്‍ വേണ്ടി പറഞ്ഞതും
എന്നിട്ടും........

മഴ മുകിലിനോട്.....

സ്നേഹിക്കയാണ് മഴമുകിലേ നിന്നെ ഞാന്‍ ...
നാളെയെന്‍ ,മണ്‍കൂനയിലായിരം
പുല്‍ നാമ്പുകള്‍ വിടര്‍ത്തുന്നവള്‍ നീ മാത്രം......

ഓര്‍ത്തു വയ്ക്കുവാന്‍ .......

ഓര്‍ത്തു വയ്ക്കുവാനൊരു 
കടലിന്‍ ആഴം തേടേണ്ടതില്ല നീ 
കാണുക ,ഒരു തുള്ളി കണ്ണീരിന്‍ തിളക്കം മാത്രം

കത്ത് .....

കണ്ടെടുക്കപ്പെടുമ്പോള്‍
നിറം മങ്ങിയ
പുസ്തകത്താളില്‍ 
മുഖമൊളിപ്പിച്ച്
മയങ്ങുകയായിരുന്നു

ഒരു വേളയെങ്കിലും

തപാല്‍ പെട്ടിയുടെ
ഇത്തിരി ഇരുളോ
മുദ്രണത്തിന്‍റെ
കനത്ത പ്രഹരമോ
വിയര്‍ത്ത കൈത്തണ്ടയുടെ
ഞെരിഞ്ഞമരലോ
കൊതിച്ചുണ്ടാകുമോ

ഏകാന്തതയുടെ

വിരസതകളെ
ഉറുമ്പിന്‍ നിര പോലെ
എത്ര നിറവോടെയാണെന്നോ
മനസ്സു നിറച്ച് മിഴി നിറച്ച്
അക്ഷരത്തിലൊതുക്കിയത്

എത്ര പ്രിയപ്പെട്ടവളായിരുന്നു

നീയെനിക്ക്,
വരികളിലോരോന്നിലും
ആദ്യാവസാനം വരെയും
കണ്ണീരിന്‍റെ ഭൂപടം വരഞ്ഞ്‌
മനസ്സ് പകര്‍ത്തിയെഴുതിയ പോലെ

എന്നിട്ടും ,

മനസ്സു നിറയാത്ത
പ്രണയം പോലെ
ഉച്ച വെയിലേറി
നിന്നിലെക്കെത്താന്‍
ഒരിക്കലും കഴിഞ്ഞില്ലല്ലോ

ഇനിയൊരിക്കലും

ആവർത്തിച്ചാവർത്തിച്ചു
വായിച്ചുറപ്പിക്കാന്‍
കണ്ണും മനസ്സും ഉണര്‍ത്തി
എന്നെ വായിച്ചറിയാന്‍
നിനക്കായി എഴുതി വയ്ക്കാന്‍
ഇനി കത്തുകളും ഇല്ലല്ലോ ....





നിന്നിലെ ഞാന്‍ .....

ഒരു വാക്കിനാല്‍ നിറയുന്ന
ഹൃദയത്തിലൊരു കവിതയാകണം..
ഒരു നോക്കിനാല്‍ തെളിയുന്ന 
മിഴികളില്‍ കടലാഴം തീര്‍ക്കണം..

ഒരു പുഞ്ചിരിയാല്‍ വിടരുന്ന
ഓര്‍മ്മകളില്‍ മായാത്ത ചിത്രമാകേണം ..
ചന്ദനചുരുളായ്
കവിയുന്ന സുഗന്ധമായ്‌
നിന്‍റെ നാളെകളില്‍
നിനവുകളില്‍ ജ്വലിക്കുന്ന
ചെരാതായി മാറിടേണം..

എനിക്ക്......

നോക്കുകള്‍ക്കുള്ളില്‍
പൂക്കുന്ന കുറിഞ്ഞികളാകണം
വാക്കുകള്‍ക്കുള്ളില്‍ 
വിടരുന്ന ഗുല്‍മോഹറുകളാകണം


മറവികള്‍ക്കുള്ളില്‍
മയങ്ങുന്ന തൊട്ടാവാടിയാകണം

ഓര്‍മ്മകള്‍ക്കുള്ളില്‍
ഉണരുന്ന തുമ്പയായി മാറണം

അക്ഷര കൂട്

സ്വരാക്ഷരങ്ങളാലൊരു
ഇല്ലം പണിയണം
വ്യഞ്ജനങ്ങളാം ബാല്യങ്ങളതില്‍
കുറുമ്പുമായി ഓടി നടക്കണം

ചില്ലുകളാലൊരു
പൂന്തോട്ടം തീര്‍ക്കണം
ചിഹ്നങ്ങളാം
ജാലകത്തിലൂടെ നോക്കുമ്പോള്‍
വാക്കുകള്‍ കൈകോര്‍ത്ത്
നടക്കുന്നതും കാണണം

ഓരോ കാഴ്ചകളും.......

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

സമയ ചതുരങ്ങളില്‍
വേറിട്ട കാഴ്ചകളെയോരോന്നും
മനസ്സിലുടക്കിയും മിഴി നനച്ചും
കണ്ടു കാണാതെയും പിന്നിടുമ്പോള്‍


ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

മഴ മേഘങ്ങളൊഴിയുമ്പോള്‍
വെയിലിന്‍ നൂലുകള്‍ വരയുന്ന
മഴവില്ലിനഴക് മിഴികളില്‍
നിറയാതെ മറയുമ്പോള്‍

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

ഒറ്റ ചുംബനത്താല്‍ കൊതി തീര്‍ത്ത്
തിരികെ പോകുമോരോ തിരയും
ബാക്കി വയ്ക്കുന്ന സ്പന്ദനങ്ങളില്‍
കാഴ്ച്ചകളുടക്കുമ്പോള്‍

ഓരോ കാഴ്ചകളും
ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്

നീ .....

ഒരു മഴനീര്‍കണമായ്
മാറിടേണം നീ 
കിനാവസ്തമിച്ചിടുമ്പോള്‍ 
നോവില്‍ അലിഞ്ഞുചേരാന്‍

Wednesday, July 8, 2015

ബോണ്‍സായ്കള്‍....

നുള്ളിയെറിഞ്ഞവന്‍റെ 
തീക്കണ്ണിലേക്ക് നോക്കി 
അപമാന ഭാരം ചുമന്ന്‍ 
പാവമാ, കുഞ്ഞു വൃക്ഷം 
ഒരു മാത്രയെങ്കിലും 
വിലപിച്ചിട്ടുണ്ടാകാം.

സ്വപ്നപാതയിലെന്നും 

പടര്‍ മരമായ്
ഒരു കിളിക്കുഞ്ഞിന് 
ഒരു പദയാത്രികന്
തണലിന്‍റെ കുളിര്
കരുതി വച്ചിട്ടുണ്ടാകാം

കാറ്റിന്‍ ഊഞ്ഞാലില്‍ 

ആടി തിമിര്‍ക്കാന്‍,
ഇത്തിരി മണ്‍കൂനയില്‍ 
നിന്നടര്‍ന്നു മാറാന്‍, 
ഭൂമി തന്‍ മാറിലായ്
പറ്റിച്ചേര്‍ന്നാഴത്തില്‍
വേരാഴ്ത്തി പടരാന്‍, 
ഒരു കുഞ്ഞു നോവിന്‍
കണ്ണീരൊഴുകുന്നുണ്ടാവാം

ഉള്ളിലൂറുന്ന ഉറവകളില്‍ 

കലമ്പുന്ന രോഷങ്ങളില്‍ 
ഏറെ കൊതിയോടെ 
കാത്തു വയ്ക്കുന്നുണ്ടാവാം 
നിലാവല തന്‍ തഴുകലില്‍ 
നിഴല്‍ ചുറ്റി നില്‍ക്കും 
ഒരു വന്മര ചിത്രം ......

Friday, July 3, 2015

യാത്രകള്‍ക്കെന്നും .....

യാത്രകള്‍ക്കെന്നും 
പാഥേയമാകും പാകത്തില്‍ 
ദൂരം പുകയുന്ന കനലുണ്ട്
നോവുണ്ട് വേവുണ്ട്
കാഴ്ച തേടുന്ന വിശപ്പിലോ 
കരള്‍ കാക്കുന്ന കാത്തിരിപ്പുകളുണ്ട്

ചുവന്നു പോയ പൂക്കള്‍

ഇരുളിന്‍റെ
കരിമ്പട്ടിനു താഴെ
പതുങ്ങി നില്പുണ്ട്
ഒരു പടര്‍ മരം

കാറ്റിലാടുന്ന
ഇലകള്‍
ചെറുതോ വലുതോ
അറിയില്ല
അവയുടെ നിറം
അതും അറിയില്ല

രാക്ഷസ ചില്ലകള്‍ നീട്ടി
ഒരേ നില്പാണ്
ആരെയോ കാത്ത്
നില്‍ക്കും പോലെ
ആരെയാവാം
അതും അറിയില്ല

മഴയുടെ
വേഴ്ചയില്‍
തളിരിലകള്‍ പിറക്കുന്നുണ്ട്
കാറ്റിന്‍റെ
നഖക്ഷതങ്ങളേറ്റ്
തളര്‍ന്നു വീഴുന്ന ഇലകള്‍
നിലവിളിക്കുന്നുണ്ടാകുമോ
അതും അറിയില്ല

അപ്പോഴും
മണ്ണില്‍ മുഖം ചേര്‍ത്ത്
വേരുകളുടെ ആഴം തേടി
മരിച്ചു കിടക്കുന്നു
ചില ചുവന്ന പൂക്കള്‍ ....

ഞായര്‍.....

ആഴ്ച വട്ടം
തികയുകയാണ്

മഴപ്പെണ്ണ്‍
കുശലം ചൊല്ലുന്ന
പുലരികളില്‍
അലസതയുടെ മത്ത്
വട്ടം പിടിക്കുന്ന
നേരങ്ങളില്‍
ഞായര്‍
സുഖമുള്ളൊരു
കാത്തിരിപ്പാണ്
ആഴ്ചവട്ടം
തികയുകയാണ്
നിന്‍റെ,
പരിഭവങ്ങളുടെയും
പിണക്കങ്ങളുടെയും
മുറിവുകളെ
ഒരു അവധിയുടെ
തുന്നലിലൂടെ കൂട്ടിച്ചേര്‍ത്ത്
ഇനി ഒത്തിരിക്കാം
അതെ ,
ഞായര്‍
നമുക്കെന്നും
ഒരു സുഖമുള്ള
ഓര്‍മ്മയാണ്
മനസ്സ് നിറയുന്ന
നിറയ്ക്കുന്ന
ഒരു കാത്തിരിപ്പാണ് ...

മഴ

മഴ 
------

മഴയൊന്നു കാണണം 

മനമൊന്നു നിറയ്ക്കണം 
മാനത്ത് വിരിയണ ചേലുള്ള 
മഴവില്ലു പോലെ മറയണം .



ദൂരം....

ദൂരങ്ങള്‍ക്ക് എന്നും 
വല്ലാത്ത ദൂരം 
തന്നെയാണ് .....
ചില മൌനങ്ങള്‍ പോലെ......

ഇരുളിന്‍റെ ചില്ലയില്‍ ......

ഇരുളിന്‍റെ ചില്ലയില്‍ 
ഇത്തിരി വെട്ടം നല്‍കിടും
മിന്നാമിനുങ്ങേ 
മടങ്ങിടാം നിനക്കിനി 
മിന്നലുകള്‍ പായിച്ച് 
മഴമേഘം കൊട്ടി പാടും മുമ്പേ....

രാത്രി മഴ ,,,

പിന്നെയും ഒരു പാട്ട് മൂളിയും 
മരച്ചില്ലമേല്‍ നൃത്തമാടിയും
കാറ്റിന്‍ തുമ്പത്തൂഞ്ഞാലാടിയും
ചന്നംപിന്നം കൊഞ്ചിചിരിച്ചും 
വന്നെത്തുന്നുണ്ടൊരു രാത്രിമഴ ,,,

അറിയുക നീ ....

മനുഷ്യാമണ്ണിനെ വെറുക്കും 
,അറിയുക നീ, 
മണ്ണിതില്‍ നാളെ 
മടങ്ങേണ്ടവര്‍ നാം

വൃഥാ

കൊണ്ടു വന്നതില്ലൊന്നുമേ
കൊണ്ടു പോവതില്ലൊന്നുമേ
എന്നാലുമിതെന്തേയീ നമ്മള്‍ 
എന്‍റെയെന്‍റെയെന്നോതിയോതി 
വൃഥാ മാത്സര്യം കാട്ടിടുന്നു ...

Sunday, June 28, 2015

സഖിയോട്‌.....

കേള്‍ക്കാത്ത പാട്ടിന്‍റെ
ഈണം തേടുമ്പോള്‍
അറിയാതെ മനമൊന്നു
താളം തുള്ളിയോ

പറയാത്ത വാക്കിന്‍റെ
ദൂതു പോകുമ്പോള്‍
കാണാ കിനാവിലെ
കാഴ്ചകള്‍ കണ്ടുവോ

വരയാത്ത ചിത്രത്തിന്‍
തെളിമയോര്‍ക്കുമ്പോള്‍
ഇട നെഞ്ചിലാഴത്തില്‍
നിറങ്ങള്‍ തുളുമ്പിയോ
എഴുതാത്ത പ്രണയത്തിന്‍
കടലു കാണുമ്പോള്‍
ഈറന്‍ മിഴികളില്‍
ചെംചായം പൂശിയോ

ഇഷ്ട വഴികളില്‍ .......

ഇഷ്ടമെന്നു ചൊല്ലുമ്പോഴും
മനസ്സ് ഗ്രഹിക്കാനാവാതെ
ഇഷ്ടക്കേടിന്‍റെ പക്ഷികള്‍
കൂടൊരുക്കാന്‍ കാത്തിരിക്കുന്നു
ശരിയെന്നു പറയുമ്പോഴും
തെറ്റുകള്‍ ചികയുന്ന
വിദ്വേഷത്തിന്‍റെ
നിഴലിലുടക്കി മിഴികളില്‍
ചോരത്തുടിപ്പുകള്‍ ഉണര്‍ന്നിരിക്കുന്നു
നേരുകള്‍ തിരഞ്ഞു തിരഞ്ഞ്
നെറിക്കെടുകള്‍ നിവര്‍ത്തിയ
നിയമങ്ങളുടെ കനം പേറിയ
പാഥേയം പൊതിഞ്ഞ വാക്കുകളില്‍
സത്യം ഇടറി വീണിരിക്കുന്നു .
വിശപ്പിന്‍റെ ഉത്തരം തേടിയ
പരാതിപ്പെട്ടികള്‍ തുറക്കാത്ത
കാണാത്ത ദൈവങ്ങളെ നോക്കി
കാണിക്കവഞ്ചികളോരോന്നും
കാവല്‍ നില്‍ക്കുന്നു
ചില്ലയോടു മൊഴി ചൊല്ലിയ
ഇലയെ തഴുകിയ കാറ്റിന്‍റെ
കാതില്‍ പരിഭവം ചൊല്ലുന്നു
വെയിലിന്‍റെ ചുംബനങ്ങള്‍

ഒറ്റ നടപ്പുകളില്‍ .....

ഏകാന്തതയുടെ
അഗ്നി പർവതങ്ങൾ
കുമിഞ്ഞു കൂടും പോലെ ....
ഹൃദയ ഗ്രാഫിലെ
കണക്കുകളില്‍
മഴ പെയ്ത്തിന്‍റെ
കൂട്ടിക്കിഴിക്കലുകള്‍
ഹൃദയം പൊള്ളി
അടരുമ്പോഴും
എന്തു കുളിരാണെന്ന്
പറഞ്ഞ് നിനക്കായി
വെറുതെയെങ്കിലും
ഒരു നുണ മാറ്റി വച്ചിരുന്നു
ഇനി വയ്യ ...
യാത്രയുടെ
അനിവാര്യതയില്‍
ഇഷ്ടങ്ങളുടെ
നുണ കുപ്പായങ്ങള്‍
അഴിച്ചു വച്ച്
കിനാവുകളുടെ
നിഴൽ കൂത്തുകളോട്
യാത്ര ചോദിച്ച്
.
പിടഞ്ഞൊടുങ്ങുന്ന
രാവിനെ സാക്ഷിയാക്കി 
------------

ആതുരാലയങ്ങളില്‍ .......

വിധി തൂക്കിലേറ്റിയ
നിശ്വാസങ്ങള്‍
തളര്‍ന്നുറങ്ങും
മരണ ഗന്ധങ്ങളില്‍
മുഖം മറച്ച്
ആരോ നിഴലായ്
ഒപ്പം നടക്കും
ഉരുകുന്ന
പ്രാര്‍ത്ഥനകളില്‍
ഇടറുന്ന
നിലവിളിയില്‍
വറ്റാത്ത
സ്നേഹത്തിന്‍റെ
മെഴുകുതിരികള്‍
പ്രത്യാശയുടെ
ദീപവുമായി
സാക്ഷ്യം ചൊല്ലും
നോവുണ്ണുന്ന
ഓരോ ഹൃദയങ്ങളിലും
കണ്ടു മറക്കാത്ത മുഖങ്ങളും
കേട്ട് മടുക്കാത്ത ശബ്ദങ്ങളും
കുന്തിരിക്കം പുകച്ച്
ഓര്‍മ്മകളുടെ ചിത്രം തുന്നും
ഓര്‍മ്മിക്കപ്പെടാത്ത
ഒരു ദിനത്തിന്‍റെ വെയിലിഴകളില്‍
ഒടുവിലത്തെ ഒരിറ്റു ശ്വാസവും
പിണങ്ങിയകലുമ്പോഴും
വിടര്‍ന്നു നില്‍പ്പുണ്ടാകും
മറവിയുടെ ആഴങ്ങളിലേക്ക്
കൊഴിഞ്ഞു വീഴാന്‍ പാകത്തില്‍
ഇന്നലെയുടെ ഇത്തിരി കരുതലില്‍
നട്ടു നനച്ചൊരു പനിനീര്‍ച്ചെടി ....

ചുവപ്പ് ....പച്ച.....കാവി....

നാടുണരാന്‍ കാടുണ്ട്
കാട്ടിലോ പച്ചപ്പിന്‍റെ വേരുണ്ട്
പ്രാണനില്‍ സ്പന്ദനമുണ്ട്
സ്പന്ദനങ്ങളിലോ തിളച്ചോടുന്ന 
ചുവന്ന ചോരയുണ്ട്
പച്ചപ്പിന്‍റെ കുളിര്‍മയില്‍
പ്രണയത്തിന്‍റെ ചുവപ്പില്‍
നീയിങ്ങനെ നാളുകള്‍
നീക്കിടുമ്പോള്‍
എന്തിനു മര്‍ത്ത്യാ ...
നീ വീണ്ടും
ഈ നാടു മുടിക്കും
കാപാലികര്‍ക്കായ്
പച്ച , ചുവപ്പ്
കാവിയെന്നോതി
ആവേശത്തിന്‍
അടിപിടി
കലപില
കൂട്ടിടുന്നു

Sunday, June 21, 2015

ഇവള്‍ ...അവള്‍....എന്നും അബല....

ഇഷ്ടങ്ങളില്‍
നിന്നും 
തിരസ്കൃതയായവള്‍

നോവിന്‍
മേച്ചില്‍പ്പുറങ്ങളില്‍
പുഞ്ചിരി നട്ടു
നനച്ചവള്‍
പ്രാതലിനും
ഉച്ചയൂണിനും
ചായക്കോപ്പയിലും
പ്രിയരുടെ
ഇഷ്ടം മാത്രം
പാകപ്പെടുത്തുന്നവള്‍
ഇണയായ്
നിഴലായ്
നിറ ദീപമായി
വാത്സല്യമായി
സ്നേഹമായി
സഹനമായി
കണ്ണീരായി
ഇന്നും
ഇനിയും
ഇതിഹാസങ്ങളിലും

അറിയുക നീ ,,,,,

ഇന്നീ ഭൂമിയില്‍
നേരുകളൊക്കെയും
അകന്നേ പോയ്‌
കാപട്യത്തിന്‍
കറുത്ത വേരുകള്‍
മാനവ ചിന്തകളില്‍
ഉറച്ചേ പോയ്‌
പച്ചപ്പുകള്‍
കാര്‍ന്നു തിന്നു
മഴയും കാറും
എങ്ങോ പോയ്‌
കനക കതിരുകള്‍
വിളഞ്ഞൊരു പാടം
നിരന്നു ലസിക്കും
കൂറ്റന്‍ ഫ്ലാറ്റുകളായ്
വയറു പിളര്‍ന്നു
ചത്തു മലര്‍ന്ന
പുഴകളോ
പാതിവഴിയില്‍
മാഞ്ഞേ പോയ്‌
ഓലപ്പീലിയും
ഓലപ്പന്തും
നീട്ടിയ നാളുകള്‍
ഓര്‍മ്മകളായ്‌
എങ്ങോ
എവിടെയോ എല്ലാം
മറഞ്ഞിടുമ്പോള്‍
അറിയുക നീ...
ഉള്‍ച്ചൂടില്‍
പുകയുമൊരു
വേനലും
വേവലാതിയും
വിഷാംശം
തിന്നു മദിച്ചു
പുളച്ചുണരും
ദീനങ്ങളും
പതിയിരുപ്പുണ്ട്
എങ്ങോ വറുതി നാളുകളും ....

കവിതയോട് പറയാനുള്ളത് ...

നീ വരൂ ,
പെയ്യാന്‍ മടിക്കുന്ന
ജൂണ്‍ മഴ കാത്തുകാത്ത്
മിഴികളുടക്കാതെ
ഞാനിവിടെ കാത്തിരിക്കാം
നക്ഷത്രപ്പൊട്ടണിഞ്ഞ
നിശയുടെ മാറിലേക്ക്
തലചായ്ച്ചു മയങ്ങാന്‍
നിലാവെത്തുന്ന നേരം
മുട്ടിയുരുമ്മുന്ന
നിഴലിന്‍റെ താളുകളാല്‍
കിനാവിന്‍റെ
മാല കോര്‍ക്കാന്‍
ഞാന്‍ ഉണര്‍ന്നിരിക്കാം
ഇലകളെയും പൂക്കളെയും
ഉമ്മ വച്ചു മയങ്ങുന്ന
മഞ്ഞുത്തുള്ളികളെ
തൊട്ടെടുത്ത്
പ്രണയം നുകര്‍ന്ന
കവിള്‍ത്തടങ്ങളില്‍
വിരിയുന്ന നുണക്കുഴികളില്‍
ചേക്കേറുന്ന
ചുവന്ന ചായം ചാലിച്ച്
ഇരുള്‍ തൊപ്പി മാറ്റിയെത്തുന്ന
പകലിനു സമ്മാനമേകാം
ഇന്നലെയുടെ നനവുകളെ
അധരങ്ങളാല്‍ ഒപ്പിയെടുക്കാം
മിഴിത്തുമ്പിലുടക്കുന്ന
വാചാലതകളെ
വിരല്‍ത്തുമ്പുകളില്‍
കോര്‍ത്തെടുത്ത്
തകര്‍ത്തു പെയ്യുന്ന
മഴമേഘം പോലെ
പെയ്തൊഴിയാനായി
നീയെന്നിലേക്ക്
പടര്‍ന്നിറങ്ങുന്നതും കാത്ത്
പ്രിയ കവിതേ.....നീ വരൂ ,
ഇനിയും ഞാന്‍ കാത്തിരിക്കാം

നാം മൌനം വാചാലമാക്കിയവര്‍....

നാം
മൗനം
വാചാലമാക്കിയവരാണ്
പറഞ്ഞു പറഞ്ഞ് 
വാക്കുകള്‍
നഷ്ടമായപ്പോള്‍
ഉള്ളനക്കങ്ങളിലെ
പരിഭവങ്ങളുടെ
മഹാ വനങ്ങളില്‍
ഒളിഞ്ഞിരുന്ന്
മറുവാക്കുകള്‍ തേടി
നിശ്ശബ്ദതയെ വിരുന്നൂട്ടി
കാണാതെ കണ്ട്
നൊന്ത് നൊന്ത്
നോവിന്‍
പെരുക്കങ്ങളെ
പോറ്റിയൂട്ടുമ്പോള്‍
നാം വീണ്ടും
മൗനത്തെ
വാചാലമാക്കുകയാണ്

ജീവിതവേവുകളില്‍ .....

മരണത്തിന്‍റെ മണമാണ്
ജീവിതത്തിന്,
നോവിന്‍റെ രുചിയും
കൈവെള്ളയിലകപ്പെട്ട
പക്ഷിക്കുഞ്ഞിന്‍റെ ഹൃദയം പോലെ
പിടച്ചിലുണ്ടാകും ,
നനഞ്ഞു പോയ
മരത്തിന്‍റെ ഇലത്തുമ്പുകളെ
പൊള്ളിക്കാനെത്തുന്ന വെയില്‍ പോലെ
കിനാക്കളെ കാത്തു വയ്ക്കുമത്
ഉള്ളം കൈയില്‍ നിറച്ച വെള്ളം പോലെ
എത്ര ചേര്‍ത്ത് പിടിച്ചാലും
അറിയാതെയറിയാതെ
ഊര്‍ന്നൂര്‍ന്ന് നഷ്ടമാകുന്ന
ഇഷ്ടങ്ങളെ അണച്ചു പിടിക്കും
ഒരില കൊഴിയും പോലെ
നിനച്ചിരിക്കാത്ത നേരം
മണ്ണിലേക്ക് മടങ്ങും
പിന്നിട്,
എന്നോ പങ്കിട്ട നിമിഷങ്ങളുടെ
വാക്കായി
പുഞ്ചിരിയായി
വെയിലായി മഴയായി
ഇഷ്ട മനസ്സുകളിലെ ഓര്‍മകളിലേക്ക്
അലസമായ തെന്നല്‍ പോലെ
വന്നെത്തി തിരികെ പോകും ......

പുനര്‍ജനിയില്‍ ....

അവസാന വരിയെഴുതി 
തീരാറാകുമ്പോഴാവും
എന്‍റെയീ നേര്‍ത്തവിരലുകളിലേക്ക് 
മരവിപ്പ് പടര്‍ന്നെത്തുന്നത്

അപ്പോഴും ,
നീയെന്നെ വായിച്ചു തീര്‍ന്നിട്ടുണ്ടാവില്ല
പെയ്തു തോരാന്‍ മടിക്കുന്ന മഴ പോലെ
നിന്‍റെ മിഴികളെന്നെ കാത്തിരിക്കുമ്പോഴാവും
പ്രിയരില്‍ നിറയുന്ന തോരാ മഴയായി
ഓര്‍മ്മകളില്‍ നിറഞ്ഞ് ഞാന്‍ മണ്ണിലേക്ക് മടങ്ങുന്നത്
നിന്‍റെ ചിന്തകളില്‍ കാളുന്ന ചിതയെരിയാതെ
മറുവാക്കുകളില്ലാതെ നിമിഷങ്ങളെണ്ണുമ്പോഴാവും
മിഴിക്കോണിലുറയുന്ന നനവുകളിലേക്ക്
വരച്ചു തീര്‍ക്കാനാവാത്തൊരു
പ്രണയമായി ഞാന്‍ പുനര്‍ജനി നേടുന്നത്

Tuesday, June 16, 2015

നിനവുകള്‍ ഉണരുമ്പോള്‍ .......

ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക് 
വിരുന്നു പോകുന്നത്
മരിച്ചു വീണ
നിമിഷങ്ങളുടെ
ഗോവണി ചാരി വച്ച്
മിന്നി മിന്നി തെളിയുന്ന
ഓരോ നക്ഷത്രങ്ങളെയും
മിഴികളില്‍
ചേര്‍ത്തു വയ്ക്കും
പതം പറഞ്ഞതും
പരിഭവം പറഞ്ഞതുമായ
പ്രിയമായ ശബ്ദശകലങ്ങളെ
കാതുകളിലേക്ക് കോര്‍ത്തെടുത്ത്
വീണ്ടുമൊരു പുഞ്ചിരിയുടെ
ഭാരമില്ലായ്മയ്ക്ക്
കടം നല്‍കും
മൂടി പുതച്ചു കിടക്കുന്ന
പൊട്ടിപ്പോയ ഇഷ്ടങ്ങളുടെ
ഒറ്റ മരക്കഥകളെല്ലാം
നോവുകളുടെ ഭൂപടങ്ങളില്‍
ചിതലുറുമ്പുകളാല്‍
വരച്ചു ചേര്‍ക്കും
ഏകാന്തതയുടെ വലയില്‍
കുടുങ്ങുമ്പോഴാണ്
ഇരുളിലാണ്ടു പോയ
നനവുള്ള ഓര്‍മ്മകളുടെ
ആകാശങ്ങളിലേക്ക്
വിരുന്നു പോകുന്നത്

Wednesday, May 6, 2015

നീ കാത്തിരിക്കുക ....

നീ കാത്തിരിക്കുക ....
----------------------------------------
എഴുതി തീര്‍ന്ന
അദ്ധ്യായത്തിലെ
അവസാന വരിയിലെ
അവസാന വാക്കിനു മുമ്പ്
എഴുതിയതെന്തെന്നു
നീനക്കിനിയും
മനസ്സിലാക്കണമെന്നോ
കയ്യെത്തി പിടിക്കുമ്പോഴേക്ക്
വഴുതി മാറി പറന്നു പോകുന്ന
ചില കാഴ്ചകളില്‍ കുരുങ്ങി
ഓരോ യാത്രയുടെയും
ഒടുക്കവും തുടക്കവും
മായ്ച്ചു കളയാനാവാതെ
നീ വായിച്ചു തീര്‍ത്തുവോ
പിന്തിരിഞ്ഞു നടന്ന വഴികളില്‍
വെയിലിറക്കങ്ങള്‍ പോറ്റുന്ന
പച്ചില താളുകളില്‍ എവിടെയോ
മഷി കറ പുരളാത്ത തണല്‍കഥകള്‍
ചാവു മുറികളിലെ അത്താഴവും കാത്ത്
നിലവിളിക്കുന്നത് നീ കേട്ടുവെന്നോ
വഴികള്‍ നഷ്ടമാകുന്നിടത്ത്
വാക്കുകള്‍ നഷ്ടമായി
തളര്‍ന്നുറങ്ങി പോകുന്ന
സ്വപ്നങ്ങള്‍ക്ക് മീതെ
മിഴികള്‍ തേടുന്ന
ദൂരക്കാഴ്ച്ചകള്‍ക്ക്
കുട പിടിക്കാനായി
നീയിനിയും
ഉണര്‍ന്നിരിക്കുമെന്നോ
എഴുതി തീര്‍ന്ന
അദ്ധ്യായത്തിലെ
അവസാന വരിയിലെ
അവസാന വാക്കിനു മുമ്പ്
എഴുതിയതെന്തെന്നറിയാന്‍
ഇനിയും എഴുതി ചേര്‍ക്കാത്ത
അടയാള വാക്കുകള്‍ക്കായി ..

Thursday, April 16, 2015

മൌനം വീണ്ടും മഴയായ് ...

മൌനങ്ങള്‍
ഇറങ്ങി പോയത്
ഒച്ചയനക്കങ്ങള്‍
മുറികള്‍ തോറും
കയറിയിറങ്ങിയപ്പോഴാണ്

വീടു ഉണര്‍ന്നത്
വിരല്‍ത്തുമ്പിലും
കാതോരത്തും
ചേക്കേറിയിരുന്ന
സ്വരങ്ങള്‍ മുഖാമുഖം
കാഴ്ച നിറച്ചപ്പോഴാണ്

കമ്പിത്തിരികളും
പൂത്തിരികളും
രാവിന്‍റെ മുറ്റത്ത്
നൃത്തമാടിയപ്പോഴാണ്
മനസ്സുകളില്‍ പൂക്കാലം
വിരുന്നെത്തിയത്

ആള്‍ക്കൂട്ടത്തില്‍
തനിച്ചാക്കി
വീണ്ടുംആരവങ്ങള്‍
പടിയിറങ്ങുമ്പോള്‍
ഇറങ്ങിയ പോയ
മൌനം
വീണ്ടും മഴയായ് ...

Wednesday, April 15, 2015

പ്രിയ രാവേ,

പ്രിയ രാവേ,
ഉറക്കത്തിന്‍റെ കുഞ്ഞുതോണിയിലേറി
നിന്നോടൊപ്പം ഞാനും മഴ നനയുകയായിരുന്നു 
നിഴല്‍ ചിത്രംവരയാത്ത ചില്ലകള്‍ നീട്ടി
നീ കാറ്റിനോട് സങ്കടം പറയുമ്പോള്‍ 
ഇറ്റിറ്റു വീഴുന്ന ഒരോ മഴത്തുള്ളിയും
കൈക്കുമ്പിളിലേക്ക് ഏറ്റു വാങ്ങി
ഞാനോ, മേഘകൂടാരത്തില്‍
മഴചിറകുകള്‍ക്ക് മേല്‍ കുട നിവര്‍ത്തുന്ന
ഒരു നക്ഷത്രത്തെ തേടുകയായിരുന്നു

Sunday, April 12, 2015

മറവികളിങ്ങനെയാണ്

ചില മറവികളിങ്ങനെയാണ്
നിനച്ചിരിക്കാത്ത നേരങ്ങളിലാവും 
അനുവാദത്തിനായി ഒട്ടും കാത്തു നില്‍ക്കാതെ
ഓര്‍മ്മകളിലേക്ക് ഇരച്ചു കയറി
തിരയുപേക്ഷിച്ച ഞണ്ടുകള്‍ പോലെ 
മനസ്സിന്‍റെ ഭിത്തിയിലൂടങ്ങനെ ഓടി നടന്ന്‍
മറവികളിലെക്ക് ചെന്ന് മറയുന്നത്

Monday, April 6, 2015

നേരായ്.....കാവലായ്.....

വെയില്‍
വിരലുകള്‍
നഖങ്ങള്‍ നീട്ടി
ആക്രമിച്ചപ്പോഴും

വിശപ്പിന്‍റെ
ആളല്‍
സിരകളില്‍
കത്തി പടര്‍ന്നപ്പോഴും

കാര്‍ന്നു തിന്നുന്ന
വാര്‍ധക്യ വേരുകള്‍
കാല്‍പ്പാദങ്ങളില്‍
കനം തൂങ്ങിയപ്പോഴും

മങ്ങിയ കാഴ്ചയെ
വട്ടം പിടിച്ച്
അടുത്ത് വരുന്ന
വാഹന ശ്രദ്ധയെ
പിടിച്ചുലയ്ക്കാന്‍
പാകത്തില്‍

ചുളിവുകള്‍
വല വിരിച്ച
കറുത്ത കൈകളില്‍
മുറുക്കി പിടിച്ചിരുന്നു
"ഊണ് റെഡി'
എന്നൊരു
പരസ്യ പലക..

അയാള്‍
പാറാവുകാരനാണ്!!
മനസ്സിന്‍റെ
മേന്മയില്‍
ദാരിദ്ര്യത്തെ
തോല്പിക്കുന്ന
പാറാവുകാരന്‍!

Sunday, April 5, 2015

ഇടറുന്ന വഴികളില്‍....

ഇടറുന്ന വഴികളില്‍
കുറുകുന്ന നേരങ്ങളില്‍
മുറുകുന്ന ഓര്‍മ്മകളില്‍
തെളിയുന്നു ബന്ധങ്ങള്‍
മറയുന്നു ബന്ധനങ്ങള്‍
മൌനം പതയ്ക്കുന്നു ,,
കുന്നിമണികള്‍ കൂട്ടി
ബാല്യം കടന്നതും
വിരല്‍ത്തുമ്പിനാല്‍
അക്ഷരം കോര്‍ത്തെടുത്തതും
അറിവിന്‍റെ നുകം പേറി
നാളുകള്‍ താണ്ടിയതും
വരയുന്നു ചിത്രങ്ങള്‍
കാണുന്നു നേര്‍ കാഴ്ചകള്‍
പ്രണയം കനക്കുന്ന
പ്രാണന്‍റെ നീറ്റലുകള്‍
കനവിന്‍റെ നിറം കെട്ട
നേരിന്‍റെ തേങ്ങലുകള്‍
വാക്കിന്‍റെ ഉള്ളറിഞ്ഞ്
തപം താണ്ടി കനവു വറ്റിച്ച്
ജീവിത പാഠം പഠിച്ചു ജീവന്‍
തളര്‍ന്നു തുരുമ്പിച്ചു വീഴ്കെ
പെറ്റു പെരുകുവാനിനി
ഇമകളില്‍ തുളുമ്പുവാന്‍
കണ്ണീരിന്‍ പേറ്റു നോവില്ല
ഇനിയില്ല നിമിനേരം
ഇനിയില്ല രാപ്പകലുകള്‍
ഇടറുന്നു വഴികള്‍
കുറുകുന്നു നേരങ്ങള്‍
കാണാതെ കാണുന്നു
വിജന പാതയിലെങ്ങോ
തെളിയുന്നു മറയുന്നു
ബന്ധങ്ങള്‍ ബന്ധനങ്ങള്‍ .. 

Friday, April 3, 2015

ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം .. ....

ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
കിനാക്കാഴ്ചകള്‍
കാണാതെ നീ
ഉണരും വരേക്കും .
നിലാപ്പെണ്ണിനോടു
കലഹിച്ചു വീഴുമാ
നിഴല്‍പാതികളെങ്ങോ
വിടചൊല്ലും നേരം
ജാലക പാളികള്‍
മെല്ലെ തുറക്കവേ
വെയില്‍ കൈകള്‍
പൊന്നേ,പുണരുകയാണോ
ദിശ തേടി പായും
കാറ്റിന്‍റെ പാട്ടില്‍
അറിയാതെയെന്നോ
നീ താളം നിറച്ചോ
പൊരുളറിയാ
വാക്കിന്‍റെ വക്കില്‍
പൊന്നേ,നീയെന്തേ
മിഴികള്‍ നിറച്ചോ
ഇനി ഞാന്‍ പൊന്നേ,
ഉണര്‍ന്നിരിക്കാം
നിന്‍ കരളിലെ
കനല്‍ച്ചൂടില്‍
ഒരു കുളിരായ്
പെയ്തു നിറയാന്‍ .

Monday, March 16, 2015

കണിക്കൊന്ന പൂക്കുമ്പോള്‍ ....

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

നാടു ഭരിക്കുന്ന കാട്ടാളരെ കണ്ടിട്ടോ
നാടു മുടിക്കുന്ന നിയമങ്ങള്‍ കേട്ടിട്ടോ
കേരള മണ്ണില്‍ പിറന്നു പോയതോര്‍ത്തിട്ടോ
ലജ്ജിക്കുന്നുവോ നീയും പൊന്‍ പൂവേ

നാടായ നാടെല്ലാം പൂത്തു തളിര്‍ത്തു നീ
ഇത്തിരി സുഗന്ധവും പേറി നില്‍ക്കേ
കാണാത്ത കാഴ്ചകള്‍ കണ്ടു മടുത്തു നീ
പൊഴിഞ്ഞു പോകയോ പൊന്‍പൂവേ

വേനല്‍ കനക്കുന്ന നേരത്ത് മുറ്റത്ത്
കണിയൊരുക്കീടുന്ന കൊന്നപ്പൂവേ
കാണുന്നുവോ നീയും നാടിന്‍റെ പേകോലം
കേഴുന്നുവോ നീയും നാളെയെ ഓര്‍ക്കുമ്പോള്‍

Monday, March 9, 2015

അകലങ്ങള്‍ മായുമ്പോള്‍ ......

ഒരേ തണല്‍ ചുവട്ടിലാണ് നാം
വിരുന്നെത്തുന്ന കാറ്റ്
മുന്നിലെത്തുന്ന കാഴ്ചകള്‍
എല്ലാം എല്ലാം നാം ഒരുമിച്ച്
കാണുന്നു കേള്‍ക്കുന്നു
എന്നിട്ടും
ചങ്ങാത്തത്തിന്‍റെ
ചങ്ങാടത്തിലേറാതെ
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
പുഴകള്‍ ചെറു മത്സ്യങ്ങളെ
പോറ്റുന്നത് പോലെ
നീ മനസ്സില്‍ അകലങ്ങള്‍
കാത്തു വയ്ക്കുന്നതെന്തിനാണ്
നോക്കൂ,
നമുക്ക് മുന്നില്‍ ...
എരിയുന്ന പകല്‍
ഒടുങ്ങുന്ന ഹരിതം
കലരുന്ന വിഷം
മറയുന്ന മലകള്‍
മരിക്കുന്ന പുഴകള്‍
കാലംതെറ്റിയ വര്‍ഷം
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
വാക്ശരങ്ങളെയ്യാതെ
വര്‍ണ്ണങ്ങളില്‍ മാത്രം
നീ അകലങ്ങള്‍ മാത്രം
സൂക്ഷിക്കുന്നതെന്തിനാണ്
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
തോളോടു തോള്‍ ചേരാം
കൈകള്‍ കോര്‍ക്കാം
അണി നിരക്കാം
ഭാരതാംബ തന്‍ മക്കളായിടാം
നവ ഭാരത ശില്പികളായിടാം 
അറുത്തു മാറ്റിടാം,അധികാരത്തിന്‍
കറപുരണ്ട കറുത്ത കൈയുകള്‍ ,
കൊന്നൊടുക്കിടാം
വിഷം തീണ്ടിയ നീച മനസ്സുകള്‍ .
നട്ടു നനയ്ക്കാം നമുക്കീ മണ്ണിനെ
മരങ്ങള്‍ നടാം തണലുകള്‍ വളര്‍ത്താം
മണ്ണിതിലങ്ങനെ സ്വര്‍ഗ്ഗം തീര്‍ത്തീടാം

Tuesday, March 3, 2015

മൌനം വാചാലമാകുമ്പോള്‍.....

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

വേരാഴങ്ങള്‍
കണ്ടെത്താനാവാത്ത
വന്മരങ്ങളെ പോലെ
വെയിലേറ്റങ്ങളെ മുഴുവന്‍
ഉള്ളിലേക്ക് ആവാഹിച്ച്
വിങ്ങുന്ന പകലിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
കഥകളുടെ വാക്കുകളിലേക്ക്

തണല്‍ പരത്തി
നിഴല്‍ വീഴ്ത്തി
പരിഭവം ചൊല്ലി
അകന്നു പോകുന്ന
കാറ്റിന്‍റെ മടിത്തട്ടില്‍
മരണപ്പെട്ടു പോകുന്ന
പുഴയുടെ നൊമ്പരങ്ങള്‍
പകര്‍ത്താത്ത ആള്‍ത്തിരക്കിന്‍റെ
വക്കുകള്‍ക്കുള്ളിലേക്ക്

ദൂരമില്ലായ്മയുടെ
ദൂരമറിയാതെ
ദൂരമാണെന്‍റെ ദൂരം
എന്നുറക്കെ പറഞ്ഞ്
ഒറ്റദ്വീപിന്‍റെ
അമരക്കാരനായി
ചോദ്യങ്ങളുടെ
ഉത്തരം തേടാതെ
ആശ്ചര്യങ്ങളുടെ
അര്‍ത്ഥത്തിലേറാതെ
നോവിന്‍റെ ഉറവകളിലേക്ക്

ദേ, നോക്കൂ,
എന്നു പറഞ്ഞു
ഒറ്റദ്വീപിന്‍റെ പടവുകള്‍
ചൂണ്ടിക്കാട്ടി തരുന്ന
ചില മൌനങ്ങളുണ്ട്

Friday, February 27, 2015

കുഞ്ഞികവിതകള്‍ ....

ഞാൻ 

വിവര്‍ത്തനം ചെയ്യുവതെങ്ങനെ ഞാന്‍ 
കിനാവിനാല്‍ മുറിവേറ്റൊരു ഹൃദയത്തെ 
വരച്ചു തീര്‍ക്കുവതെങ്ങനെ ഞാന്‍ 
കരിമഷി പടര്‍ന്നൊരു മിഴികളെ....


നാളെകള്‍


നോക്കൂ, നമ്മെ നോക്കി 

കാത്തു നില്‍ക്കയാണങ്ങനെ 
ദിനങ്ങളോരോന്നും.. 
മിന്നിമിന്നി മരിക്കുന്ന 
നക്ഷത്രങ്ങളെ പോലുള്ള 
ഓരോ കിനാക്കളെയും
കൈവെളളയിലൊതുക്കി പിടിച്ച്..

നിന്നിലലിയാന്‍

നിന്നില്‍ നിറയുന്ന ഓര്‍മ്മകളിലെന്നെ 
അടയാളപ്പെടുത്താന്‍ മാത്രമായിരുന്നു 
കാവ്യവസന്തത്തിന്‍റെ വഴിത്താരകളില്‍ 
തണലായ്‌ നിഴലായ്‌ തലോടലായ് 
ഞാനൊരു വാകമരം നട്ടത് .

ഇരുളിനൊളിവില്‍

പാതി ചാരിയ വാതില്‍പ്പാളിയില്‍ 
പാതിരാക്കാറ്റെത്തുമ്പോള്‍
പാതി വിടര്‍ന്ന മിഴികളാലെന്നെ 
പാരിജാതപ്പെണ്ണ്‍ വിളിച്ചിടുന്നു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...