യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....
എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...
മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..
വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..
വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍ തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക്
തോന്നിയിരുന്നത്..
അന്നെല്ലാം ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ
ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന്
ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു
കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും
ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....
നീ പറഞ്ഞതു പോലെ
രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച രാത്രികള്‍ ഇന്നെന്നെ വിട്ടു
പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന
ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...
ഇപ്പോഴെന്റെ
ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ
കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ
നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍
ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം
എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....
രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി
വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും
ചെയ്യുന്നവരെ എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ
അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍ ഒരാളായി ഞാനും മാറുമ്പോള്‍
ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....
ഇന്ന് ,
എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന
കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും
ഇനിയുമെന്നും..