Saturday, September 22, 2012

ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍...

ചില ഓര്‍മ്മകള്‍ 
ഒരുനാളും പിരിയാതെ
ഒരു പിശാചു പോലെന്റെ 

പിന്നാലെ പാഞ്ഞു നടക്കുന്നു,

തൊട്ടു തലോടി പായുന്ന

തെന്നല്‍ പോലെ...
ഒളിഞ്ഞു വന്നെന്നെ

 എന്നെ ചുഴലുന്നു...

ശ്വാസ വേഗങ്ങളിലൂടെ

ഞാനറിയാതെ
എന്റെ പ്രാണനില്‍
കടന്നു കയറി
വല്ലാതെ പൊള്ളിക്കുന്നു..


മറവിയുടെ ആഴ-
ക്കയത്തില്‍ മുങ്ങിത്തപ്പി
വിഷസ്മരണകളുടെ 
ചഷകം തീര്‍ത്ത്
എന്റെ അധരങ്ങളീലേക്ക്
അടുപ്പിക്കുന്നു....

ഓര്‍മ്മ പിശാചിന്റെ 

വലയിലകപ്പെട്ട്
കിതച്ചും ഗതികെട്ടും 
ഞാനലയുകയാണ്...

നാളെയുടെ വേഗങ്ങളിലേക്ക്..

നിങ്ങളിലേക്ക് ഞാനീ 
ഓര്‍മ്മപിശാചിനെ 
എടുത്തെറിയുകയാണ്..

 

Friday, September 21, 2012

എന്റെ നിദ്രയില്‍..

വേദനയുടെ 
ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..

രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ...

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതി ഇനിയും തുറന്നു വച്ച്


സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്...

കാലം തലോടി കടന്ന മുടിയിഴകളില്‍

ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി..

എന്റെ ഈ നിദ്രയ്ക്ക് മേല്‍ ഭയനകമായ 

ഈ വാഴ്ത്തലുകളെല്ലാം വ്യര്‍ത്ഥം...  

ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍ 
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ...

ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.....

ഏകാന്തതയുടെ ഒറ്റവാക്ക്

എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്.....







Tuesday, September 18, 2012

കണ്ടുവോ നിങ്ങളെന്‍ കിനാവിനെ......



പുറത്തു നല്ല ഇരുട്ടായിരുന്നു...
അക്ഷരങ്ങളെ തേടുന്ന മനസു പോലെ
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നുണ്ടായിരുന്നു .
പലതതവണ താക്കീത് നല്‍കിയതാണ്
കൈത്തുമ്പില്‍ നിന്നൂര്‍ന്ന് പോയ പട്ടം പോല്‍
നീയും ദിശറിയാതെ എങ്ങോ പോയി ഒടുങ്ങുമെന്ന്
വ്യര്‍ത്ഥമാണീ യാത്രയെന്ന്...

എങ്കിലും,
സ്വകാര്യം പറഞ്ഞെത്തിയ ചാറ്റല്‍മഴയ്ക്കൊപ്പം
വിസ്മയം കാട്ടിയ മേഘനാദത്തോടൊപ്പം
വിരുന്നെത്തിയ രാപ്പാടിപ്പാട്ടിനൊപ്പം
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ
അവള്‍ എന്നെ വിട്ടു ഇറങ്ങി പോയി
നിശ്ശബ്ദതയില്‍ അവളുടെ പദനിസ്വനം
അലിഞ്ഞലിഞ്ഞ് അവളെനിക്ക് അന്യയായി...

എന്നാല്‍...
നിങ്ങള്‍ക്കു ചിലപ്പോള്‍ അവളെ കാണാം
ഒരു വടക്കന്‍ കാറ്റ് വീശിയെത്തുമ്പോള്‍
ഓര്‍മ്മകളുടെ ചിലന്തി അവളില്‍ വല നെയ്യുമ്പോള്‍
വേദനയുടെ മാരിയില്‍ അവള്‍ മുങ്ങിനിവരുമ്പോള്‍
ഒരു മൌനത്തിന്റെ മേലാപ്പു മാറ്റി 
അവളിതു വഴി വരാം....
എന്റെ സ്വപ്നം....അവളിതു വഴി വന്നേക്കാം
ഒരൊച്ചയുമില്ലാതെ തനിയ്ക്കു തന്നെ കാതോര്‍ത്തു
നിങ്ങളിരിക്കുമ്പോള്‍......

Sunday, September 16, 2012

മൌനത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍...

പൂത്തു നിന്ന വാകമരത്തിന്റെ നിഴലില്‍
നീ ഉപേക്ഷിച്ചകന്നവയെന്തെല്ലാമാണ്...

സൌഹൃദത്തിന്റെ അധരങ്ങളില്‍
നിന്നൊരു സാന്ത്വനം....

സഹതാപത്തിന്റെ മിഴിക്കോണില്‍
നിറഞ്ഞൊരു കണ്ണീര്‍ക്കണം..

വിരഹത്തീയില്‍ വെന്തു വീണ
അരുണാഭയാര്‍ന്ന മോഹപ്പൂക്കള്‍....

ഇനിയൊരു കാലവും ഓര്‍മ്മയില്‍

ഞാനിവയെ നിറയ്ക്കില്ല......

വാക്കുകളെ കൈവെള്ളയിലൊതുക്കി

മൌനത്തിന്റെ വാല്മീകത്തില്‍
എന്നിലേക്കു തന്നെ മുഖം ചേര്‍ത്തു ഞാനിരിയ്ക്കും

എന്തിനെന്നോ എന്റെ ഹൃദയതാളത്തില്‍

ഉയരുന്ന നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കാന്‍....

Friday, September 14, 2012

കാവ്യസന്ധ്യ,


മൌനം 
പതിയിരിക്കുന്നൊരെന്‍ 
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി 

നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 

മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 

ബാക്കിയാവുന്നു ഞാനും.....

 * * * * * * * * * *


ഇന്നലെ പിണങ്ങി 
പോയോരു കാലം 
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

* * * * * * * * * * * *

ഞാന്‍ ....
നിശ്ശബ്ദതയുടെ കാവല്‍ക്കാരി
മൌനത്തിന്റെ ഊടുവഴികളില്‍
സ്വപ്നഗോവണികള്‍ കാണാം
അതിലേറിയാല്‍ കണ്ണീര്‍പെയ്തില്‍
വീണുടഞ്ഞ കിനാക്കള്‍ കാണാം...


* * * * * * * * *  


Friday, August 3, 2012

പറയുവതെന്തു ഞാന്‍.....

നിന്റെ ...
കണ്മുനകളില്‍,
ഒരു ചിരിയില്‍,
ഒരു വിരല്‍ സ്പര്‍ശത്തില്‍,
പൂത്തുലയുന്നതെന്താണ്..?

ഓര്‍മ്മകളുടെ
നൈരന്തര്യത്തില്‍
നീ കാത്തു വയ്ക്കും
കിനാക്കളോ...


ശാപജന്മത്തിന്‍
ഹോമാഗ്നിയില്‍
നിന്നുയരുന്ന
വിതുമ്പലുകളോ..

സ്നേഹനിരാസങ്ങള്‍
ഇലപൊഴിച്ച
കാലത്തിന്‍
ചിത്രങ്ങളോ...?

Thursday, July 26, 2012

അന്തിചുവപ്പിനെ കാതോര്‍ക്കുമ്പോള്‍....

ഒരു പ്രഭാതം വേണം
ഇനിയുമെനിക്ക്
നിന്‍ ചൊടിയിലൊരു
ഹിമകണമായി
ചേര്‍ന്നിരിക്കാന്‍.... 

ഒരു മഴ നനയേണം
ഇനിയുമെനിക്ക്
ഓര്‍മ്മകളാല്‍
മഴനൂലിലൊരു
ഊഞ്ഞാലു കെട്ടാന്‍..... 

ഒരു കിനാവു കാണേണം
ഇനിയുമെനിക്ക്
നിലാവില്‍ നനയുന്ന
രാപ്പാടി തന്‍ പാട്ട്
കാതോര്‍ക്കാന്‍.... 

ഒരു സായന്തനം വേണം
ഇനിയുമെനിക്ക്
അന്തിചുവപ്പിനെ
ചുംബിച്ചുണര്‍ത്തുന്ന
ഇളംതെന്നലായി മാറീടാന്‍.. 

ഒരു നിലാവില്‍
മുങ്ങി നിവരണം
ഇനിയുമെനിക്ക്
മിന്നിതിളങ്ങുമൊരു
താരകമായി നിന്നെ
നോക്കി നിന്നീടാന്‍.....

Wednesday, June 27, 2012

നാളെയുടെ നേര്‍വഴികളില്‍

നീയോര്‍ക്കുക...


നിന്‍ കണ്‍കളിലെ
തീജ്ജ്വാലയില്‍ വീണു
പിടഞ്ഞ് ചിറകറ്റു മരിക്കുന്ന
ഈയാമ്പാറ്റകളല്ല
ഇനിയെന്റെ സ്വപ്നങ്ങള്‍....

നിന്റെ മുള്‍വാക്കുകളില്‍
കോര്‍ത്തു മുറിവേറ്റു സ്പന്ദനം
നിലച്ചു പോകുമെന്ന്
ഭയന്നൊളിക്കുന്ന ഭീരുവല്ല
ഇനിയെന്റെ ഹൃദയം..

നിന്റെ താഢനത്തിന്റെ
നൊമ്പരത്താല്‍ വിങ്ങി
നിലവിളിക്കുന്നവയല്ല
ഇനിയെന്റെ മിഴികള്‍...

അറിയുക....ഞാന്‍ 

ഫീനിക്സ് പക്ഷിയാണ്...

നീ തച്ചുടച്ചെറിഞ്ഞ

എന്റെ  സ്വപ്നങ്ങളുടെ
ചാരക്കൂട്ടില്‍ നിന്നും
ഉയിര്‍ത്തെഴുന്നെറ്റ
ഫീനിക്സ് പക്ഷി.....




Wednesday, June 20, 2012

സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍..




അരണ്ട വെളിച്ചത്തില്‍ ഒഴിഞ്ഞ ദിക്കില്‍
ഒച്ചയനക്കങ്ങളില്ലാതെ തിരക്കുകളില്ലാതെ
ഓര്‍മ്മകളുടെ മാത്രം ബാക്കിപത്രത്തില്‍
മിഴിനീരുപ്പു വറ്റിച്ചിരിക്കുന്നു ഒരമ്മ.....

ഇടനേരമല്പം മൌനവേളയില്‍
അമ്മ തന്‍ പഴ മനസ്സില്‍
മടക്കു നിവര്‍ത്തി തെളിയുന്നു ..

കാല്‍ത്തള കിലുങ്ങിക്കിലുങ്ങി
ആര്‍ത്ത് കൊഞ്ചി ചിരിച്ച്
തന്‍ മക്കള്‍ തിമിര്‍ത്തുണര്‍ന്ന്
കൊഴിഞ്ഞു പോയ കാലം...

പാദങ്ങളൊന്നിടറി വീണിടാതെ
പൈദാഹ കയ്പേതുമറിയിയ്ക്കാതെ
വെയിലും മഴയും തളര്‍ത്തിടാതെ
ഒക്കത്തെടുത്തോമനിച്ചു ആറ്റുനോറ്റ്
തന്‍ മക്കളെ കാത്ത് കാത്തോരു കാലം..
ദീനരായ് അവരൊന്നു ഞരങ്ങുമ്പോള്‍
കണ്ണിമ ചിമ്മാതെ താങ്ങായ് കാവലായ്
ചുണ്ടില്‍ വാത്സല്യ ദുഗ്ദ്ധത്താല്‍  തേനൂട്ടി
തന്‍ മാറിന്‍ ചൂടിന്‍ താരാട്ടിനാലുറക്കി
കാത്തു കാത്തങ്ങനെ ജീവന്റെ ജീവനായ്
തന്‍ മക്കളെ പോറ്റിയോരു കാലം..

ഇന്നേതോ ദൂരസ്ഥരാണവര്‍ മക്കള്‍
പരിഷ്കാര മക്കളായി മാറിയോര്‍
ക്ലാവു പിടിച്ചൊരു ഓട്ടു പാത്രത്തെ
പോലെ ഓര്‍ക്കാറില്ല കാണാറില്ല
തേടാറില്ലവര്‍  പാവമീ അമ്മയെ..

തന്‍ മക്കളെ ഒരു കണ്‍പാര്‍ത്തീടാമെന്നൊരു
കിനാവല്ല ;അനാഥത്വം പീള കെട്ടുമാ മിഴികളില്‍
തെളിവതിപ്പോഴും ഒരു മുലപ്പാലിന്‍ നേരു മാത്രം
സ്നേഹമുലപ്പാലിന്‍ നേരു മാത്രം...

Sunday, June 17, 2012

കാവ്യം പിറന്ന വഴിയില്‍...

കണ്ടറിഞ്ഞതിലധികവും
പെയ്യാന്‍ വിതുമ്പുന്ന
കാര്‍മുകിലായിരുന്നു...

കേട്ടറിഞ്ഞതിലധികവും
കൊഴിഞ്ഞ പൂക്കളുടെ
വിലാപങ്ങളായിരുന്നു....

വായിച്ചതിലധികവും
ചില ഓര്‍മ്മകളുടെ
പിന്‍വിളിയായിരുന്നു....

എഴുതിയതിലധികവും
ഇന്നലെയുടെ മുള്ളിന്റെ
നീറ്റലുകളായിരുന്നു....
  
 

Friday, June 1, 2012

ഒരു കൈയ്യൊപ്പിലൂടെ....




അലീനാ ,
നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു...
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക്  വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ   കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ.....


പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...
 നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ  തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ...
അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..

പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി  എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍  എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.

അപ്പോഴെല്ലാം  ആലിലകള്‍ അവയുടെ   ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ ...

ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍  ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ  ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു  മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ  ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

നാട്ടിലെ പോലെ അല്ല ഇവിടം...അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്...

ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.
“നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്‍ നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന  അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും ,  ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ   ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ...

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ്  ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം...

 ജോലി ചെയ്ത്  തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും  കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി..  ഒക്കെ കഴിച്ചു കഴിച്ചു മടുത്തു....

 ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..


എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ  നോവുന്നുണ്ട് ഇന്നും...
 ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ...നീ ഉത്സവം കാണാന്‍ പോകാറുണ്ടോ...
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ...

നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്...പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ‍നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു...വൈകിപ്പോകരുതേ...
                      
                        എന്ന്,
സ്നേഹപൂര്‍വം,
.................

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...